EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കേന്ദ്രം നിഷ്ക്രിയം , ഇടപെട്ട് കോടതികൾ ; മണിപ്പുരിൽ നേരിട്ട് നിരീക്ഷിക്കും…

മണിപ്പുരിലെ വംശീയ കലാപം മൂന്നുമാസം പിന്നിട്ടിട്ടും  നിഷ്‌ക്രിയമായി തുടരുന്ന കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്ക്‌ കനത്ത പ്രഹരം നൽകി നിർണായക ഇടപെടലുമായി സുപ്രീംകോടതി.    അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ്‌ പട്‌സാൽഗികറെ  ചുമതലപ്പെടുത്തി. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്‌ രജിസ്റ്റർ ചെയ്‌ത 11 കേസ്‌ അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചു പൊലീസ്‌ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണം. എസ്‌പി റാങ്കിലുള്ളവരോ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്തവരോ ആകണം.അന്വേഷണത്തിന് ലക്ഷ്യബോധം ഉറപ്പാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനും ഈ നടപടി അനിവാര്യമാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ദത്താത്രേയ്‌ പട്‌സാൽഗികർ അന്വേഷണപുരോഗതി റിപ്പോർട്ട്‌ കോടതിയിൽ നൽകണം. മഹാരാഷ്ട്ര കേഡറിൽനിന്നുള്ള മുതിർന്ന ഐപിഎസ്‌ ഉദ്യോഗസ്ഥനായ പട്‌സാൽഗികർ ഡെപ്യൂട്ടി ദേശീയ സുരക്ഷാഉപദേഷ്ടാവ്‌ ആയിരുന്നു. എൻഐഎയിലും ഇന്റലിജൻസ്‌ ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്‌. മുംബൈ പൊലീസ്‌ കമീഷണറുമായിരുന്നു.മണിപ്പുർ സംഘർഷങ്ങളുമായി ബന്ധപ്പെട്ട്‌ മൊത്തം ആറായിരത്തിഅഞ്ഞൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന്‌ സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സ്‌ത്രീകൾക്ക്‌ എതിരായ അതിക്രമങ്ങൾക്ക്‌ എടുത്ത 11 കേസ്‌ സിബിഐക്ക്‌ കൈമാറി. ബാക്കി കേസുകൾ അന്വേഷിക്കാൻ 42 പ്രത്യേക അന്വേഷകസംഘം (എസ്ഐടി) രൂപീകരിക്കുമെന്നും സംസ്ഥാനസർക്കാർ പറഞ്ഞു. ഈ എസ്‌ഐടികളിൽ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള ഒരു ഇൻസ്‌പെക്ടറെയെങ്കിലും ഉൾപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. മണിപ്പുരിന്‌ പുറത്തുനിന്നുള്ള ഡിഐജി റാങ്കിലുള്ള ആറ്‌ ഉദ്യോഗസ്ഥർ എസ്‌ഐടികളുടെ അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കണം.സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിൽ മണിപ്പുർ പൊലീസ്‌ പൂർണ പരാജയമാണെന്ന്‌ സുപ്രീംകോടതി നേരത്തേ വിമർശിച്ചിരുന്നു.  കോടതി നിർദേശപ്രകാരം മണിപ്പുർ ഡിജിപി തിങ്കളാഴ്‌ച നേരിട്ട്‌ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *