
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണഘങ്ങളെ അപലപിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ച വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖിക്ക് നേരെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ആക്രമണം ഉണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകക്കെതിരായ സൈബര്‍ ആക്രമണം തികച്ചും അസ്വീകാര്യവും ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകയായ സബ്രീന സിദ്ദിഖി, ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നാണ് മോദിയോട് ചോദിച്ചത്.