
കടലിനടിയിലുള്ള ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ടൈറ്റന്‍’ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടെന്ന് പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി സ്ഥിരീകരിച്ചു. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും മൃതദേഹങ്ങള്‍ വീണ്ടെടുക്കുക ദുഷ്‌കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. തകര്‍ന്ന പേടകത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. സമ്മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചില്‍ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ടൈറ്റനിന്റെ പിന്‍ഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ അവശിഷ്ടങ്ങള്‍ ലഭിക്കുകയായിരുന്നു.