മോദി സർക്കാരിന്റെ പകപോക്കലിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിന് ജൂലൈ അവസാനം ഹാജരാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നൽകി. ഹാജരാവേണ്ട തീയതി വ്യക്തമാക്കാതെയാണ് നോട്ടീസ്. നേരത്തെ ജൂൺ എട്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയക്ക് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ഹാജരായിരുന്നില്ല. ജൂൺ രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജൂൺ 23വരെ സമയം നീട്ടി നൽകിയിരുന്നെങ്കിലും സോണിയക്ക് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ തുടരുന്നതിനാൽ ചോദ്യം ചെയ്യൽ വീണ്ടും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കോൺഗ്രസ് വീണ്ടും കത്ത് നൽകിയിരുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഇളവ് വേണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. കോവിഡ് ബാധിതയായിരുന്ന സോണിയാ ഗാന്ധിയെ പിന്നീട് കോവിഡാനന്തര പ്രശ്നങ്ങളെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തുകയും ചെയ്തിരുന്നു.