EN24TV

ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത്: മന്ത്രി കെ.ബി. ഗണേഷ് കുമാർ…

വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയുടെ പ്രീമിയം എസി ബസ്, മുന്നാറിലെ ഡബിൾ ഡെക്കർ ബസ്, വെയിറ്റിംഗ് റൂം, ഡ്രൈവിംഗ് സ്കൂൾ എന്നിവയിലൂടെ കെഎസ്ആർടിസിയുടെ വരുമാനം വർധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി.ഗണേഷ് കുമാർ. ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആർടിസി അല്ല നിലവിലുള്ളതെന്നും മന്ത്രി. വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രീമിയം എസി ബസുകൾ ദിവസേന ശരാശരി പതിനായിരം രൂപയുടെ ലാഭമുണ്ടാക്കി. ഡ്രൈവിംഗ് സ്കൂൾ 35 ലക്ഷതിൻ്റെയും മുന്നാറിലെ ഡബിൾ ഡെക്കർ ബസ് 52 ലക്ഷത്തിൻ്റെയും ലാഭമുണ്ടാക്കിയെന്നും കെഎസ്ആർടിസി കാർഡ് വഴി രണ്ടര കോടി രുപ അഡ്വാൻസായി ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബഡ്ജറ്റ് ടൂറിസം വഴിയുള്ള വരുമാനം നാല് മാസം കൊണ്ട് ഏഴ് കോടിയിൽ നിന്ന് 14 കോടിയിലെത്തി.ഈ മാസം അവസാനത്തോടെ പുതിയ ബസുകൾ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രാദേശിക മേഖലകളിൽ യാത്ര ക്ലേശം കുറയ്ക്കാൻ ലോക്കൽ ബസുകൾ നിരത്തിലിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള വിവിധ ക്ലാസുകളിലുള്ള ബസുകൾ ഉടൻ പുറത്തിറക്കുമെന്നും സൗജന്യ വൈഫൈ ഉൾപെടെയുള്ള സൗകര്യങ്ങൾ ബസുകളിൽ നൽകുമെന്നും മന്ത്രി പറഞ്ഞു.കെഎസ്ആർടിസിയുടെ നവീകരണത്തിൻ്റെ ഭാഗമായി സേവനങ്ങൾ സ്മാർട്ട് ആകുകയാണ്. ഒന്ന് മുതൽ 12 വരെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ ബസുകളിൽ സ്മാർട്ട് കാർഡ് ഏർപ്പെടുത്തും. ഒരു മാസം 25 ദിവസം കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ചലോ ആപ്പ് വരുന്നതോടുകൂടി ബസുകളുടെ പൂർണ വിവരങ്ങൾക്കൊപ്പം ടിക്കറ്റ് റിസർവേഷനും ഓൺലൈനിൽ ലഭ്യമാകും.

സംസ്ഥാനത്തെ എല്ലാ പ്രമുഖ ബസ് സ്റ്റേഷനുകളും നവീകരിക്കണമെന്ന സർക്കാർ നിർദേശ പ്രകാരമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ചങ്ങനാശേരിയിൽ നിർമ്മാണ പ്രവർത്തനങ്ങളും ചെങ്ങന്നൂരിൽ ടെൻഡർ നടപടികളും ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.കായംകുളത്ത് ഭരണാനുമതിക്കായുള്ള നടപടികൾ പൂർത്തിയായെന്നും കൊല്ലം ബസ് സ്റ്റേഷനിൽ 8 കോടി രുപ ചിലവിൽ പുതിയ കെട്ടിടവും വർക്ക്ഷോപ്പും അടങ്ങിയ സമുച്ചയം നിർമ്മിക്കാനും, ആറ്റിങ്ങൽ ബസ് സ്റ്റേഷനിൽ 5 കോടി ചെലവിൽ രണ്ട് ബ്ലോക്കുകളുടെ നിർമ്മാണവും, കൊട്ടാരക്കര ബസ് സ്റ്റേഷൻ 11 കോടി രുപ ചെലവിൽ നവീകരിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *