ജനുവരി 25, 2025: പ്രശസ്ത മിക്സഡ് മീഡിയ ആർട്ടിസ്റ്റ് കൃഷ്ണപ്രിയയുടെ അതുല്യ ചിത്ര പരമ്പരയായ സുഗത ദർശൻ്റെ അനാച്ഛാദനത്തോടെ ചിത്രകലയും മലയാള സാഹിത്യവും ഒന്നു ചേരുന്ന ഒരു നാഴികക്കല്ലിന് കേരളം സാക്ഷ്യം വഹിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള കവിയുടെ കാവ്യ സൃഷ്ടികൾ ചിത്രങ്ങളുടെ പരമ്പരയായി രൂപാന്തരപ്പെടുന്നത്.അനശ്വര കവയിത്രിയായ സുഗതകുമാരി ടീച്ചറുടെ കവിതകളെ ശ്രീമതി കൃഷ്ണപ്രിയ ചിത്രങ്ങളാക്കിയിരിക്കുന്നു. ഇതു മഹാഭാരതം, സ്നേഹത്തിനെന്തേ നിറം?, കണിക്കൊന്ന, നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു?, മരത്തിനു സ്തുതി, കറുപ്പ്, കുറുഞ്ഞിപൂക്കൾ, മരമാമരം, രാത്രിമഴ, ഒറ്റയ്ക്ക്, കൃഷ്ണ നീയെന്നെയറിയില്ല, മുത്തുച്ചിപ്പി, അമ്പലമണി,നന്ദി, കവിത എന്നിങ്ങനെ സുഗതകുമാരിയുടെ 15 കവിതകളുടെ ആത്മാവിനെ ചിത്രകാരി ക്യാൻവാസിൽ മിക്സഡ് മീഡിയയിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നു.
കൃഷ്ണപ്രിയയുടെ ‘സുഗത ദർശനം’, പ്രകൃതി, മാനവികത, നീതി എന്നിവയുടെ പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്ന കവിയുടെ കാലാതീതമായ വാക്യങ്ങളുടെ ഹൃദയസ്പർശിയായ ദൃശ്യ വ്യാഖ്യാനമാണ്. ഓരോ ചിത്രവും സുഗതകുമാരിയുടെ കവിതയുടെ അഗാധമായ സാരാംശം ഉൾക്കൊള്ളുന്നു – അത് പമ്പാ നദിയുടെ ശാന്തമായ സൗന്ദര്യമായാലും, വനങ്ങളുടെ ആത്മാർത്ഥമായ ആലിംഗനമായാലും, അല്ലെങ്കിൽ പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള കവിയുടെ അചഞ്ചലമായ നിലപാടുകളയാലും.മിക്സഡ് മീഡിയയുടെ നൂതനമായ ഉപയോഗത്തിലൂടെ, സുഗതകുമാരിയുടെ വാക്കുകളുടെ ആഴം ജീവസുറ്റതാക്കുന്ന ഒരു ചിത്രശേഖരം കൃഷ്ണപ്രിയ സൃഷ്ടിച്ചിരിക്കുന്നു. കവി അവശേഷിപ്പിച്ചു പോയ അമൂല്യമായൊരു സാഹിത്യ പാരമ്പര്യവുമായി ഇടപഴകാൻ സഹൃദയർക്ക് തികച്ചും പുതിയ വഴി ഈ ചിത്രങ്ങൾ വാഗ്ദാനം ചെയ്യുന്നു.
തന്റെ ഈ ചിത്രപരമ്പരയെ കുറിച്ച് കൃഷ്ണപ്രിയയുടെ വാക്കുകൾ: “കേരളത്തിൻ്റെ കൂട്ടായ മനസ്സാക്ഷിയെ രൂപപ്പെടുത്തിയ കവിക്കുള്ള എൻ്റെ ആദരാഞ്ജലിയാണ് ഈ പരമ്പര. ടീച്ചറുടെ അഗാധമായ അർത്ഥതലങ്ങളുള്ള കവിതകൾ ദൃശ്യരൂപത്തിലേക്ക് വിവർത്തനം ചെയ്യുക എന്നത് വൈകാരികവും, കഠിനവും, എന്നിൽ ഒരുപാട് വിനയവും സമർപ്പണവും ഉണ്ടാക്കിയ ഒരു യാത്രയായിരുന്നു.”കഴിഞ്ഞ 2025 ജനുവരി 21,22 തീയതികളിൽ, സുഗതോത്സവം 2025 ആഘോഷവേളയിൽ, ആറന്മുളയിലെ ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ ‘സുഗത സ്മൃതി’യുടെ ഭാഗമായി ‘സുഗത ദർശൻ’ എന്ന പേരിൽ ഈ ചിത്രപരമ്പരയുടെ ആദ്യ പ്രദർശനം നടന്നു.ഇതേത്തുടർന്ന്, സുഗതകുമാരിയുടെ 91-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2025 ജനുവരി 22-ന് നടന്ന മഹത്തായ ചടങ്ങിൽ ബഹു. കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗിന് ശ്രീമതി കൃഷ്ണപ്രിയ തൻ്റെ ‘സുഗതവൃക്ഷ’ എന്ന പെയിൻ്റിംഗ് സമ്മാനിച്ചു.കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കവികളിലൊരാളുടെ വരികൾ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും പ്രതലങ്ങളിലൂടെയും പുനരാഖ്യാനം ചെയ്തുകൊണ്ട് കൃഷ്ണപ്രിയ ഇത്തരമൊരു കാവ്യചിത്ര പരമ്പര കേരളത്തിൽ ആദ്യത്തേതാക്കി.