ശബരിമല: അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി.
അതിശക്തമായ മഴ:
ശബരിമല തീർഥാടകർക്ക് നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം…
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി.അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം.
ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.അണക്കെട്ടുകളിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല.