EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



നവീന്‍ ബാബുവിന്റെ മരണം:പോലിസിന് പരാതി നല്‍കി സഹോദരന്‍ …

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ ഇന്നെത്തിക്കും. നാളെ രാവിലെ പത്തിന് പത്തനംതിട്ട കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വക്കും. ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടത്തും. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് റവന്യൂ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കും. ജോലിയില്‍ നിന്ന് വിട്ടുനിന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുക.അതേസമയം, കണ്ണൂരില്‍ വന്‍ പ്രതിഷേധമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നും കോണ്‍ഗ്രസും മുസ്‌ലിം ലീഗും എസ്ഡിപിഐയും പ്രതിഷേധങ്ങള്‍ നടത്തും. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്ന് മാര്‍ച്ച് നടത്തും.

നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പത്തനംതിട്ടയിലെ മലയാലപ്പുഴ പഞ്ചായത്തില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതായി സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ വ്യക്തിക്കും എതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന് എഡിഎം നവീന്‍ ബാബുവിനെതിരേ പരാതി ലഭിച്ചിരുന്നില്ലെന്ന് വിജിലന്‍സ്. നവീന്‍ ബാബുവിന്റെയോ പരാതി നല്‍കിയെന്ന് പറയുന്ന പ്രശാന്തന്റെയോ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു. അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്ന പ്രചരണം ചില കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ്: വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധിയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുക. മുന്‍ എംപി രമ്യ ഹരിദാസാണ് ചേലക്കരയില്‍ മല്‍സരിക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മല്‍സരിക്കും. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും കൂടി പരിഗണിച്ചാണ് തീരുമാനം.രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് മതിയെന്ന് തീരുമാനിച്ചതോടെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഉറപ്പായത്. ഈ സീറ്റിലാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഇത് പുതിയ അവസരം കൂടിയാണ്.

അജിത്കുമാറിനെതിരെ ഉചിത നടപടിയെടുക്കാം; ഡിജിപിയുടെ റിപ്പോർട്ടിൽ സർക്കാരിനോട് ശുപാർശ

നിയമസഭയിൽ സമർപ്പിച്ച എഡിജിപി അജിത്കുമാറിനെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഡിജിപിയുടെ ശുപാർശ. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികളിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ അഭിപ്രായം പറയുന്നില്ലെന്നും പി.വി അൻവറിന്റെ ആരോപണങ്ങളിൽ തെളിവുകളുടെ പിൻബലമില്ലെന്നും റിപ്പോർട്ടിലുണ്ട്.
കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് സ്വർണക്കടത്ത് വിവരങ്ങൾ മുൻ മലപ്പുറം എസ്പി സുജിത്ദാസ് ശേഖരിച്ചുവെന്നും വിമാനത്താവളത്തിൽ നിന്ന് സ്വർണവുമായി പുറത്തിറങ്ങിയ ഇവരെ പൊലീസ് സംഘം പിടികൂടി, സ്വർണത്തിന്റെ ഒരു ഭാഗം പൊലീസ് തട്ടിയെടുത്തുമുള്ള അൻവറിന്റെ ആരോപണം ഗോൾഡ് അപ്രൈസർ നിഷേധിച്ചുവെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ മറ്റ് അന്വേഷണങ്ങൾ പ്രത്യേക സംഘം നടത്തിയില്ലെന്നും ഡിജിപി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *