
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിവസത്തിലെ സംഘര്‍ഷഭരിതമായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെ കുറിച്ചായിരുന്നു റിയാസിന്റെ പ്രതികരണം. കേരളത്തിലെ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും ഭീരുവായ നേതാവ് വി ഡി സതീശനാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയാല്‍ വി ഡി സതീശനെ സ്ട്രക്ചറില്‍ കൊണ്ടുപോകേണ്ടി വരുമെന്നും റിയാസ് പരിഹസിച്ചു.’കേരളത്തിലെ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡിന് വി ഡി സതീശന്‍ അര്‍ഹനായിരിക്കുകയാണ്. സഭ ഇതുവരെ കാണാത്ത പ്രത്യേകതകളാണ് നടന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ പറഞ്ഞു. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അപേക്ഷ നല്‍കുന്നു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നു. പിന്നെ പ്രതിപക്ഷ നേതാവ് ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടുണ്ടാകില്ല. മലപ്പുറം ജില്ലയെ ഇടതുപക്ഷ സര്‍ക്കാര്‍ കരിവാരിത്തേക്കുന്നുവെന്നാണ് ഒരു ആരോപണം. ആര്‍എസ്എസുമായി ഇടതുപക്ഷത്തിന് ബന്ധമുണ്ടെന്നതാണ് മറ്റൊരു ആരോപണം. ഇവ രണ്ടും ചര്‍ച്ച ചെയ്താല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥിതിയെന്താകും. പുറത്ത് ആംബുലന്‍സ് വെക്കേണ്ടി വരും. സ്ട്രക്ചറിലെടുത്തു കൊണ്ടുപോകേണ്ടി വരും. ഇത് മനസിലാക്കിയാണ് ആ ഭീരു ഓടിയൊളിച്ചത്,’ അദ്ദേഹം പറഞ്ഞു.
