പൂരം കലക്കൽ വിഷയത്തില്‍ ത്രിതല അന്വേഷണം. എഡിജിപി പങ്കുവെച്ച അന്വേഷണ റിപ്പോർട്ട് നേരത്തെ സർക്കാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സിപിഐ നേതാക്കൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നടപടി.തൃശൂർ പൂരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ഇക്കുറി അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൂരത്തിൽ നടന്നിട്ടുണ്ട്. അങ്ങനെ സംശയിക്കാൻ ഉള്ള ഒരുപാട് കാര്യം റിപ്പോർട്ടിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23 ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കൈമാറി. 24ന് മുഖ്യമന്ത്രിക്ക് ലഭിച്ചു. റിപ്പോർട്ട് സമഗ്രമായി കണക്കാനാകുമായിരുന്നില്ല.