EN24TV

നദിക്കടിയില്‍ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി…

അങ്കോലയില്‍ തിരച്ചിലിനിടെ പുഴയില്‍ നിന്ന് ലോറി കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍. പുഴയോരത്തുനിന്ന് 20 മീറ്റര്‍ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡ സ്ഥിരീകരിച്ചു.നിലവില്‍ നദിയുടെ കരയോട് ചേര്‍ന്ന ഭാഗത്ത് ഡീപ് ഡൈവേഴ്‌സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്‌കലേറ്റര്‍ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം.

പ്രദേശത്ത് ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കില്‍ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത. കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍ ഡി ആര്‍ എഫ്, അഗ്‌നിരക്ഷാസേന, പോലിസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലിസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു. ജൂലായ് 16ന് രാവിലെ കര്‍ണാടകഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി പി എസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *