ബിജെപി യുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായ അണ്ണാ ഡിഎംകെ മുന്നണി ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പാർട്ടി വക്താവ് ഡി ജയകുമാർ ചെന്നൈയിൽ പറഞ്ഞു. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തിൽ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നുമാണ് അണ്ണാ ഡിഎംകെ നേതാക്കളുടെ നിലപാട്.കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവ് സി ഷൺമുഖത്തിനെതിരെ അദ്ദേഹംമന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാൻ തമിഴ്‌നാട് കേന്ദ്രീകരിച്ച് ബിജെപി വൻ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് ഈ തിരിച്ചടി.