ഒന്നിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിലേക്ക് രാജ്യത്തെ 21 രാഷ്‌ട്രീയ പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കത്തയച്ചു. 12 സംസ്ഥാനങ്ങൾ പിന്നിട്ട് ഇന്നു 117ാം ദിവസം പഞ്ചാബിലാണു പദയാത്ര. അവശേഷിക്കുന്നത് ജമ്മു കശ്മീരും അഞ്ഞൂറിൽ താഴെ കിലോ മീറ്റർ ദൂരവും മാത്രം.രാജ്യം അതീവ ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക, സാമൂഹിക, രാഷ്‌ട്രീയ മേഖലകളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. അതിനെതിരേ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോൺഗ്രസ് ഏറ്റെടുത്തത്. അതിനു നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിക്കു പിന്തുണ ഉറപ്പാക്കാനാണ് കത്ത്.