ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 98ാമത്തെ പ്രസിഡന്റിനെ ഇന്നറിയാം. ഇതുവരെ 87 പേരാണ് പാർട്ടി അധ്യക്ഷന്മാരായിട്ടുള്ളത്. പത്തു പേർ ഒന്നിലധികം തവണ പ്രസിഡന്റുമാരായിട്ടുണ്ട്. എഐസിസി ആസ്ഥാനത്ത് ഇന്നു രാവിലെ പത്തിന് ആരംഭിക്കുന്ന വോട്ടെണ്ണൽ ഉച്ചയോടെ പൂർത്തിയാകും. രണ്ട് മണിയോടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് സമതി ചെയർമാർ മധുസൂദൻ മിസ്ത്രി അറിയിച്ചു.തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന 68 ബൂത്തുകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.ഇന്നു രാവിലെ പത്തു മണിക്കു പുറത്തെടുക്കുന്ന പെട്ടികൾ സ്ഥാനാർഥികളുടെയും അവരുടെ പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തും. പിന്നീട് പെട്ടികൾ തുറന്ന് വോട്ടുകൾ മുഴുവൻ ഒരുമിച്ചു കൂട്ടിക്കലർത്തും. ഇതിലൂടെ ഒരോ സംസ്ഥാനത്തുനിന്നും ലഭിച്ച വോട്ടുകൾ എത്രയെന്ന് അറിയാൻ കാഴിയാതാവും. സുതാര്യതയും കെട്ടുറപ്പും ഉറപ്പ് വരുത്താനാണ് ഈ നടപടി. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആറു ടേബിളുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്. സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായ വോട്ടെടുപ്പാണ് നടന്നത്. രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും മുക്തകണ്ഠം പ്രശംസിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ മറ്റു രാഷ്ട്രീയ കക്ഷികളെയെല്ലാം അസൂയപ്പെടുത്തുന്നതാണ്. എഐസിസി നേതൃത്വം രൂപം നൽകുന്ന പ്രത്യേക ഇലക്റ്ററൽ കോളെജിനാണ് വോട്ടെടുപ്പിൽ പങ്കെടുക്കാനാവുക. എഎൈസിസി, വിവിധ പിസിസികൾ, പോഷക സംഘടനകൾ എന്നിവരുടെ പ്രതിനിധികൾക്കാണ് വോട്ടവകാശം.138 വർഷത്തെ ചരിത്രത്തിനിടെ ആറാമത്തെ വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. തുറന്ന അഭിപ്രായ പ്രകടനങ്ങൾക്കും ജനാധിത്യ സംസ്കാരത്തിനും ഊന്നൽ നൽകുന്ന പാര്ട്ടി എല്ലാവർക്കും തുല്യ അവസരമാണ് നൽകുന്നത്. അതിൽ എക്കാലത്തെയും തലമുതിർന്ന നേതാക്കളായിരുന്ന മഹാത്മാ ഗാന്ധിക്കും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനു പോലും ഇളവ് അനുവദിച്ചിരുന്നില്ല. 1939ൽ ഗാന്ധിജി നിർദേശിച്ച പട്ടാഭി സീതാരാമയ്യയെ നേതാജി സുഭാഷ് ചന്ദ്ര ബോസ് പരാജയപ്പെടുത്തിയതാണ് കോൺഗ്രസ് ചരിത്രത്തിലെ ആദ്യത്തെ തുറന്ന മത്സരം. 1950ൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു നിർദേശിച്ച ആചാര്യ കൃപലാനിയെ സർദാർ വല്ലഭ് ബായി പട്ടേൽ നിർദേശിച്ച പുരുഷോത്തം ദാസ് ഠണ്ടൻ പരാജയപ്പെടുത്തി.1977ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.കെ ബറുവ രാജിവച്ച ഒഴിവിൽ ത്രികോണ മത്സരമാണു നടന്നത്. അന്നു സിദ്ധാർഥ ശങ്കർ റേ, കരൺ സിംഗ് എന്നിവരെ പരാജയപ്പെടുത്തി കെ. ബ്രഹ്മാനന്ദ റെഡ്ഡി പാർട്ടി പ്രസിഡന്റായി. 1997ലും ത്രികോണ മതസരമായിരുന്നു. സീതാറം കേസരി, ശരദ് പവാർ, രാജേഷ് പൈലറ്റ് എന്നിവരായിരുന്നു സ്ഥാനാർഥികൾ. പിന്നാക്ക വിഭാഗത്തിൽ പെട്ട സീതാറാം കേസരി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയിൽ അവസാനം വോട്ടെടുപ്പ് നടന്നത് 2000ലാണ്. അന്ന് സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദാണ് മത്സരിച്ചത്. വൻഭൂരിപക്ഷത്തോടെ സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇപ്പോൾ സോണിയ ഗാന്ധി സ്വയം ഒഴിവായ സാചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ പാർട്ടി തെരയുന്നത്.