രാഷ്ട്രപതിഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി പോലിസില്‍നിന്നുള്ള അറിയിപ്പ് കെ സി വേണുഗോപാലിനാണ് ലഭിച്ചത്. ജന്തര്‍ മന്ദറില്‍ നിരോധനാജ്ഞയില്ല. രണ്ട് മാര്‍ച്ചിനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുള്ളത്. രണ്ടിനും പോലിസ് അനുമതി നിഷേധിച്ചിരുന്നു. വിലക്കയറ്റത്തിലും യങ് ഇന്ത്യന്‍ ലിമിറ്റഡിനെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് എംപിമാരും കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ച് നടത്തുന്നത്. എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്കും നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കുമാണ് മാര്‍ച്ച് നടത്തുക. ‘ചലോ രാഷ്ട്രപതി ഭവന്‍’ മാര്‍ച്ച് വിജയ് ചൗക്കില്‍ നിന്ന് ആരംഭിക്കും. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങും. കോണ്‍ഗ്രസ്സിന്റെ പ്രമുഖരായ നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരക്കും.