കെ.കെ രമ എംഎൽഎക്കെതിരെ അധിക്ഷേപവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്ത്. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നും സിപിഎമ്മിനെ ഒറ്റിക്കൊടുത്തതിനുള്ള പ്രതിഫലമാണ് എംഎല്‍എ സ്ഥാനമെന്നുമാണ് പി മോഹനനും പ്രതികരിച്ചത്. ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുക്കുകയാണ് ആര്‍എംപിഐ ചെയ്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പത്രക്കുറിപ്പില്‍ ആരോപിച്ചു.കെ.കെ രമ ഒറ്റുകാരിയാണെന്നും അതിനു കിട്ടിയ പാരിതോഷികമാണ് എംഎല്‍എ സ്ഥാനമെന്നായിരുന്നു എളമരം കരീം കഴിഞ്ഞ ദിവസം പറഞ്ഞത്. എംഎല്‍എ സ്ഥാനത്തില്‍ രമ അഹങ്കരിക്കരുതെന്നും എളമരം പറഞ്ഞിരുന്നു. ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എംഎല്‍എ സ്ഥാനം കൊണ്ട് ആരും അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ടെന്ന് എളമരം പറഞ്ഞിരുന്നു. നിയമസഭയില്‍ ഏതാനും ദിവസങ്ങളായി സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ പരമാര്‍ശങ്ങളാണ് കെ.കെ രമ നടത്തിയത്.