മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതിൽ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്ന് ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാർ. സ്വപ്‌നയോ ഷാജ് കിരണോ എന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍, അറ്റം വരെ പോകുമെന്നും നികേഷ് അഭിമുഖത്തിൽ പറഞ്ഞു.ഇന്നലെ എന്നെ ഷാജ് കിരണ്‍ എന്ന ആള്‍ വിളിച്ചിരുന്നു. എടുക്കാന്‍ പറ്റിയില്ല. രാത്രി 8:44ന് എനിക്ക് ഒരു എസ്എംഎസ് അയച്ചു. ‘സര്‍ വെരി അര്‍ജെന്റ്’ എന്നും ‘ഇമ്പോര്‍ട്ടന്റ് മാറ്റര്‍ സ്വപ്‌ന കേസ്’ എന്നീ രണ്ടു മെസേജുകള്‍ എന്റെ ഫോണില്‍ ഉണ്ട്. വാര്‍ത്താപരമായ കാര്യമായതിനാല്‍ ഒന്‍പത് മണി കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഷാജി പറഞ്ഞത് ഇങ്ങനെയാണ് ‘സ്വപ്‌നാ സുരേഷ് വിഷയം നമ്മള്‍ പുറത്തു കേള്‍ക്കുന്നതൊന്നും അല്ല. അവരെ എച്ച്ആര്‍ഡിഎസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്. വക്കീല്‍ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്. അവര്‍ എന്നെ ബാത്‌റൂമില്‍ ഇരുന്ന് വിളിച്ചു. ഞാന്‍ (സ്വപ്‌ന )ആത്മഹത്യാ മുനമ്പില്‍ ആണെന്ന് പറഞ്ഞു’. ഈ കാര്യം പറഞ്ഞതിനു ശേഷം ഷാജി എന്നോട് ആവശ്യപ്പെട്ടു, സര്‍ വന്ന് ഒരു എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ എടുക്കണം. സാറിനോട് മാത്രമേ അവര്‍ തുറന്നു പറയുകയുള്ളൂ.