EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ബാലരാമപുരം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നവീകരിച്ച കെട്ടിടത്തിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കുന്നു…

ബാലരാമപുരം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നവീകരിച്ച കെട്ടിടത്തിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. ഹോമിയോപ്പതി ചികിത്സയോടൊപ്പം യോഗ ഇന്‍സ്ട്രക്ടറുടെ മേല്‍നോട്ടത്തില്‍ യോഗ പരിശീലനം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കളക്ഷന്‍ ആന്‍ഡ് റിപ്പോര്‍ട്ടിംഗ് സെന്റര്‍, നെബുലൈസേഷന്‍, ഇന്‍ഫ്രാ റെഡ് റേഡിയേഷന്‍ തെറാപ്പി, പ്രാഥമിക പരിശോധനകളും, പ്രഥമ ശുശ്രൂഷയും ഇവിടെ ലഭ്യമാണ്.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്‍, ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി കെ പ്രിയദര്‍ശിനി, ഹോമിയോപ്പതി നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജയ നാരായണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. മഞ്ജുള ശ്രീ തങ്കച്ചി, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഗായത്രി.ആര്‍.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്.ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും. ഹില്‍ ടോപ്പിലാകും വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമലയടക്കം വികസന പാതയിലാണ്. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. 2028 ല്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ ക്രിയാത്മക നിര്‍ദേശം ശേഖരിക്കും. എല്ലാവരെയും പങ്കെടുപ്പിച്ച് സുതാര്യമായാണ് സംഗമം സംഘടിപ്പിക്കുന്നത്. ഭക്തരുടെ താല്‍പര്യം സംരക്ഷിച്ച് ആചാരഅനുഷ്ഠാനം പാലിക്കും. തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.ശബരിമല ചരിത്രത്തിലെ പുതിയ അധ്യായമാകും ആഗോള അയ്യപ്പ സംഗമമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ പമ്പയിലാകും. ശബരിമലയുടെ വികസനത്തിനുതകുന്ന പദ്ധതി ചര്‍ച്ച ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു. ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് അയ്യപ്പ സംഗമത്തിലൂടെ പ്രസക്തി കൂടുതല്‍ ഉയരുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ വിശ്വാസ, ആചാരങ്ങള്‍ ലോകമെങ്ങുമുള്ള ഭക്തര്‍ക്ക് ഓര്‍മയില്‍ തങ്ങളാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താന്‍ സംഗമത്തിലൂടെ സാധിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അറിയിച്ചു. അയ്യപ്പ സംഗമത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും ടൂറിസം, വനംവകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ സ്റ്റാളുകളുടെ സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. റവന്യു- ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികളായ എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍, ഡിഐജി അജിതാ ബീഗം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പൊലിസ് മേധാവികളായ ആര്‍ ആനന്ദ്, എം പി മോഹനചന്ദ്രന്‍, ദേവസ്വം കമ്മീഷണര്‍ ബി സുനില്‍ കുമാര്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, ഐക്യ മലയരയ മഹാസഭ പ്രതിനിധികളായ എം സംഗീത് കുമാര്‍, സുരേഷ് പരമേശ്വരന്‍, കെ കെ സനല്‍ കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമെന്ന് മന്ത്രി വി.ശിവൻകുട്ടി

ആര്യനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

സ്കൂളുകളിൽ കുട്ടികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കികൊടുക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആര്യനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസത്തിൻ്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിൻ്റെ ഭാഗമായാണ് സ്കൂളുകളിൽ ഭൗതിക സാഹചര്യം മെച്ചപെടുത്തിയത്. ആധുനിക രീതിയിലുള്ള ക്ലാസ്മുറികൾക്കും ലാബുകൾക്കും പുറമേ അൻപത്തിനാലയിരത്തോളം സ്മാർട്ട് ക്ലാസ്സ് റൂമുകളും നിർമ്മിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യ വികസിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുട്ടികളും റോബോട്ടിക് അടക്കമുള്ള മേഖലകളിൽ മുന്നേറാൻ കഴിയുന്നവരായി വളർന്ന് വരണമെന്നും എ ഐ പോലുള്ള പുത്തൻ ശാസ്ത്ര രീതികൾ കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്യനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി-കില ഫണ്ടിൽ നിന്നും 3.90 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്.
മൂന്ന് നിലകളിലായി 1100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്കൂൾ കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ നാല് ക്ലാസ്സ്‌ മുറികളും, ആൺകുട്ടികൾക്കും,സ്റ്റാഫുകൾക്കും, ഭിന്നശേഷിക്കാർക്കും ഉള്ള ടോയ്ലറ്റ് സംവിധാനവും ഒന്നാം നിലയിൽ നാല് ക്ലാസ്സ്‌ മുറിയും, പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഐ ടി ലാബും സുവോളജി ബോട്ടണി ലാബുകളും ആൺകുട്ടികൾക്കുള്ള ടോയ്ലറ്റുമാണ് രണ്ടാം നിലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കെട്ടിടത്തിന് ആവശ്യമായ കോണിപ്പടി സൗകര്യം റാമ്പ് എന്നിവയ്ക്ക് പുറമെ ഭാവിയിൽ ലിഫ്റ്റ് ഉൾപ്പെടുത്താനുള്ള സൗകര്യവും ഫയർ ടാങ്കും നൽകിയിട്ടുണ്ട്.ജി.സ്റ്റീഫൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ്കുമാർ, കില ചീഫ് മാനേജർ ആർ മുരളി, ജില്ലാപഞ്ചായത്ത് അംഗം എ.മിനി, ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് റീന സുന്ദരം, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൽ. കിഷോർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. മോളി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഐത്തി അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിസുതൻ, പി.റ്റി.എ. പ്രസിഡന്റ് കെ. എസ്. സുഗതൻ, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ മദീന എൻ, സ്‌കൂൾ എച്ച്. എം രാജികുമാരി എസ്. വി, പ്രിൻസിപ്പാൽ സുസി രാജ് എ. ആർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *