EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഓപ്പറേഷൻ സിന്ധൂർ എന്ന പദ്ധതിയിലൂടെ മേക്ക് ഇന്ത്യയുടെ ശക്തി…

ഓപ്പറേഷൻ സിന്ധൂർ എന്ന പദ്ധതിയിലൂടെ മേക്ക് ഇന്ത്യയുടെ ശക്തി നമ്മൾ കണ്ടിട്ടുണ്ട്. ശത്രുക്കൾക്ക് നിമിഷങ്ങൾക്കുള്ളിൽ അവരുടെ നശിപ്പിച്ച ആയുധങ്ങളുടെ അളവ് മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന പ്രസംഗം

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വർഷമാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ എട്ടാം പതിറ്റാണ്ടിലേക്ക് നാം മെല്ലെ നീങ്ങുകയാണ്. ഇത് തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിൽപ്പോലും രാഷ്ട്രീയ ഇച്ഛാശക്തിക്കനുസരിച്ച് മാറ്റിയെടുക്കാൻ മതിയായ കാലയളവാണത്.ഒരുപാടു കാര്യങ്ങളിൽ മുമ്പോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. പല മേഖലകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളാകെ അഭിമാനം കൊള്ളാറുണ്ട്. അതു വേണ്ടതാണുതാനും. എന്നാൽ ആ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ മറ്റ് തലങ്ങളെക്കുറിച്ചു നാം വിസ്മരിച്ചുകൂടാ. അവയെക്കുറിച്ച് ചിന്തിക്കാൻ കൂടി പ്രേരകമാവണം സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങ്.

79-ാമത് സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് കോട്ട മൈതനാത്ത് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കുന്നു…

ജില്ലയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മതനിരപേക്ഷതയും ജനാധിപത്യവും പരസ്പരപൂരകമാണെന്ന്
തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പാലക്കാട് കോട്ടമൈതാനിയിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.ജനാധിപത്യം പുലരുന്നത് മതനിരപേക്ഷതയിലൂടെയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചോരയും കണ്ണീരും, തകർന്ന സ്വപ്നങ്ങളുമാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.അവർ സ്വപ്നം കണ്ടത് മതനിരപേക്ഷതയിലും നീതിയിലും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഇന്ത്യയാണ്. ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന സ്വാതന്ത്യ സമരത്തിലുടനീളം കണ്ടത് ഭിന്നിപ്പിനും വിഭജനത്തിനുമെതിരായ ജനങ്ങളുടെ ഐക്യബോധമായിരുന്നെന്നും മന്ത്രി പറഞ്ഞു.പ്രായപൂർത്തി വോട്ടവകാശവും സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പുമാണ് ജനാധിപത്യത്തിൻ്റെ അടിത്തറയെന്നും മന്ത്രി പറഞ്ഞു

തെരഞ്ഞെടുപ്പ് അട്ടിമറിശ്രമം ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി – മന്ത്രി കെ രാജന്‍

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനവും വോട്ടർ പട്ടികയും അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന്റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യ മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ശക്തമായ അടിത്തറയിലാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതും നീതിപൂര്‍വ്വകവുമായിരിക്കണമെന്നത് ഭരണഘടനയില്‍ അനുശാസിക്കുന്നുണ്ട്. ജനാധിപത്യത്തെ ശാക്തീകരിക്കുന്ന മഹത്തായ പ്രക്രിയയാണത്. എന്നാല്‍, വോട്ടര്‍പട്ടികയില്‍ തന്നെ അട്ടിമറികള്‍ നടത്താനും വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ചമച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കാനും ശ്രമിക്കുന്നവര്‍ ആത്യന്തികമായി വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയും മഹത്തായ ഭരണഘടനയെയും പവിത്രമായ ദേശീയതയെയുമാണ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഭരണഘടനയെ അട്ടിമറിക്കാമെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടമറിക്കാമെന്നുമുള്ള വ്യാമോഹം ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒട്ടും സ്വീകാര്യമല്ലെന്നും അത് അനുവദിച്ചുകൊടുക്കാനും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

വിഭജനത്തിന്റെ ഇരുണ്ട രാത്രികളെക്കുറിച്ചല്ല, സ്വാതന്ത്ര്യത്തിന്റെ ഉജ്ജ്വല പ്രഭാതങ്ങളെയാണ് നാം സ്വപ്‌നം കാണേണ്ടത്. ആവേശകരമായ ആ പ്രഭാതങ്ങളിലേക്കാണ് നാം ഉണരേണ്ടത്. 1947-ല്‍ ഇന്ത്യയും പാക്കിസ്ഥാനുമായി നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടത് ചരിത്രത്തിന്റെ ഏറ്റവും വേദനാജകമായ ഒരു സംഭവമാണ്. ദൗര്‍ഭാഗ്യകരമായ വിഭജനത്തിന്റെ ഇരുണ്ട രാത്രിയില്‍, ചോരയും കണ്ണീരും വിയര്‍പ്പും വീണ മണ്ണില്‍, നവഖാലിയുടെ തെരുവുകളില്‍ നഗ്നപാദനായി ശാന്തിസന്ദേശവുമായി നടന്നുപോയ ഗാന്ധിജി ഊന്നിപ്പറഞ്ഞത് വിഭജനഭീതിയെക്കുറിച്ചല്ല. ഒന്നും മാറ്റിവെക്കേണ്ടതായിട്ടില്ല എന്നും വീണ്ടും നാം വൈരുദ്ധ്യങ്ങളെക്കുറിച്ചല്ല, വൈവിധ്യങ്ങളിലും വൈജാത്യങ്ങളിലും സൂക്ഷിക്കേണ്ട ഏകത്വത്തെയും സഹിഷ്ണുതയെയും സാഹോദര്യത്തെയും കുറിച്ചാണ് സംസാരിക്കേണ്ടത് എന്നുമാണ്. ആ ശാന്തിമന്ത്രം എല്ലാക്കാലത്തേക്കും വേണ്ടിയുള്ളതാണെന്ന് മന്ത്രി ഓർമിപ്പിച്ചു.ഭാഷകളുടെ വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്.
ഇന്ത്യ ഇന്ത്യയായി നിലകൊള്ളുന്നത് വിവിധ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും സമ്പന്നതയിലാണ്. സഹിഷ്ണുതയും പരസ്പരാശ്രിതത്വവും നമ്മുടെ പ്രത്യേകതകളാണ്. ഭാഷകളെ ഇല്ലാതാക്കുക എന്നാല്‍, ആ ഭാഷ ഏതു സംസ്‌കാരത്തെയാണോ പ്രതിഫലിപ്പിക്കുന്നത് ആ സംസ്‌കാരത്തെ ഉന്മൂലനം ചെയ്യുക എന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ എല്ലാ ഇന്ത്യന്‍ ഭാഷകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കേവലം ആശയവിനിമയത്തിനുള്ള മാധ്യമം എന്ന നിലയില്‍ മാത്രമല്ല ഭാഷകളുടെ പ്രസക്തി. അവ നമ്മുടെ ജീവിതത്തിന്റെ നിലനില്‍പ്പിന് ആധാരമായ അടയാളങ്ങളിണ്.ദേശീയത എന്നത് ചിലര്‍ക്കെങ്കിലും അത് മതബദ്ധമായ ഒരു ഭൂപ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന അപകടകരമായ സ്ഥിതി നിലനില്‍ക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ദേശീയത നൂറ്റാണ്ടുകളായി നാം തേച്ചുമിനുക്കിയെടുത്ത നമ്മുടെ തന്നെ അസ്ഥിത്വമാണ്, ഇന്ത്യയെന്ന അസ്ഥിത്വമാണത്. ആ അസ്ഥിത്വത്തിന്റെ കാതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ്. മതമുള്ളവരെയും മതമില്ലാത്തവരെയും നിറമുള്ളവരെയും ഇല്ലാത്തവരെയും ദരിദ്രരെയും സമ്പന്നരെയും എല്ലാം വിവേചനങ്ങള്‍ക്കതീതമായി ഉള്‍ക്കൊള്ളുന്നതിനുള്ള വിശാലതയാണ് നമുക്ക് ദേശീയത. സങ്കുചിതവും പ്രാകൃതവുമായ ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ദേശീയതയെ നിര്‍വ്വചിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അവര്‍ ആത്യന്തികമായി ചെയ്യുന്നത് ദേശദ്രോഹമാണെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *