EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പേപ്പാറ പൊടിയക്കാല ആദിവാസി ഉന്നതി സന്ദർശിച്ചു…

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തിൽ പേപ്പാറ റേഞ്ചിലെ പൊടിയക്കാല ആദിവാസി ഉന്നതിയിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി.റേഷൻ വിതരണം, അവശ്യ മരുന്നു വിതരണം തുടങ്ങിയവ കൃത്യമായി നടക്കുന്നുണ്ടെന്ന് വീടുകൾ സന്ദർശിച്ച് കമ്മീഷൻ ഉറപ്പുവരുത്തി. റേഷൻ കാർഡ് ഇല്ലാത്തവർക്ക് എത്രയും വേഗം കാർഡ് നൽകി, വിവരം കമ്മീഷനെ അറിയിക്കാൻ പൊതുവിതരണ വകുപ്പിന് നിർദ്ദേശം നൽകി. ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന യുവതിക്ക് റേഷൻ കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ റേഷൻ കാർഡ് ഉടൻ വിതരണം ചെയ്യാൻ നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസറിനോട് നിർദ്ദേശിച്ചു.പൊടിയക്കാല ആദിവാസി ഉന്നതിയിൽ അങ്കണവാടി തുടങ്ങുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. വരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ എസ്.ടി പ്രമോട്ടർമാർ, ആശാവർക്കർമാർ എന്നിവർക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള, അങ്കണവാടിയിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് വീടുകളിൽ പോഷകാഹാരം എത്തിച്ചു കൊടുക്കാൻ വനിതാ ശിശു വികസന വകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി. 60ളം കുടുംബങ്ങളാണ് പൊടിയക്കാല ഉന്നതിയിൽ ഉള്ളത്.ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013ന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായാണ് ജില്ലയിലെ ഗോത്ര വർഗ്ഗ ഉന്നതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തുന്നത്.ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് സുരേഷ് കുമാർ, നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു കെ. വി, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഐസിഡിഎസ് പ്രവർത്തകർ, ട്രൈബൽ ഓഫീസർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, എസ്.ടി പ്രൊമോട്ടർമാർ, പൊടിയക്കാല ആദിവാസി ഉന്നതി മൂപ്പൻ ശ്രീകുമാർ തുടങ്ങിയവർ കമ്മീഷനൊപ്പം ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *