
നാവികസേനയുടെ തന്ത്രപ്രധാനരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയതിന് മലയാളി യുവാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കൊച്ചി കപ്പല്‍ശാലയിലെ മുന്‍ ട്രെയ്‌നി കടമക്കുടി സ്വദേശി പി എ അഭിലാഷിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചി നാവികത്താവളത്തിലും കാര്‍വാര്‍ നാവികത്താവളത്തിലുമുള്ള ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം ഈ കേസില്‍ രണ്ടു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലെ മുദുഗ ഗ്രാമത്തിലെ വേടന താന്തെല്‍, ഹലവള്ളി സ്വദേശി അക്ഷയ് നായ്ക് എന്നിവരാണ് പിടിയിലായിരുന്നത്.വിശാഖപട്ടണം കപ്പല്‍ശാലയിലെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞവര്‍ഷം അഭിലാഷിനെയും കൊച്ചി കപ്പല്‍ശാലയിലെ വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് ഇവരുടെ മൊഴിയും തെളിവുകളും പരിശോധിച്ചു. ഇതിന് ശേഷമാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

