മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിനാണ് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുക. തീർഥാടകരുടെ തിരക്ക് മുന്നിൽകണ്ടാണ് നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂർ മുൻപ് തന്നെ നട തുടറക്കുന്നത്. ആദ്യദിവസമായ ഇന്ന് മുപ്പതിനായിരം തീർഥാടകരാണ് വെർച്വൽ ക്യൂ വഴി ശബരിമലയിൽ എത്തുന്നത്. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ഇന്ന് ചുമതലയേൽക്കും.ഇന്നലെ രാത്രിയോടെതന്നെ പമ്പയിലേക്ക് തീർഥാടകർ എത്തിത്തുടങ്ങി. പമ്പയിൽ പുതുതായി നിർമിച്ച ജർമൻ പന്തലിൽ ആയിരത്തിലധികം തീർഥാടകർ വിരിവച്ച് വിശ്രമിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് പ്രവേശനം അനുവദിക്കും.തീർഥാടനം സുഗമമായി നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. മുൻ സീസണിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി തുടക്കം മുതൽ തന്നെ 18 മണിക്കൂറാണ് ദർശന സമയം. പരമാവധി പേർക്ക് ദർശനം നടത്താനാകുക എന്നതാണ് ലക്ഷ്യം. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി തീർഥാടകരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. പാർക്കിങ്ങിനും കുടിവെള്ളത്തിനും വിശ്രമത്തിനുമെല്ലാം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.