ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അഖ്‌നൂർ സെക്ടറിൽ വെച്ച് സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയാണ് അക്രമികൾ സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തത്.അഖ്‌നൂർ സെക്ടറിൽ വെച്ച് വാഹനത്തിനുനേരെ ഭീകരർ 15 റൗണ്ട് വെടിയുതിർത്തതായയാണ് സൈന്യം അറിയിച്ചത്. കരസേനയുടെ ആംബുലൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിനുശേഷം ഭീകരർ വനമേഖലയിലേയ്ക്ക് കടന്നു. വനമേഖലയിലെ തിരച്ചിലിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം. ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചാമത്തെ ഭീകരാക്രമണമാണ്. കശ്മീർ താഴ്‌വരയിൽ ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ട് ഭീകരാക്രമണങ്ങളിൽ മൂന്ന് സൈനികരടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.