
നെടുമ്പാശേരി അവയവക്കടത്ത് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്‍ നിന്നാണെന്ന് കേസിലെ പ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്കി. ഇവിടെ നിന്നാണ് വിദേശത്തേയ്ക്കുള്ള കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധം കിട്ടിയതെന്നും സാബിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

പ്രതി സാബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂര്‍ത്തിയാക്കും. തുടര്‍ന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സബിത്ത് നാസര്‍ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിലാണ് പോലിസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത്ത് നാസര്‍ പോലിസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ, രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.
