EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



എം എ യൂസുഫലിയുടെ 10 കോടിയുടെ മാനനഷ്ടക്കേസ്: മാപ്പുപറഞ്ഞ് ഷാജന്‍ സ്‌കറിയ…

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിക്കെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മറുനാടന്‍ മലയാളി അവതാരകന്‍ ഷാജന്‍ സ്‌കറിയ. യൂ ട്യൂബ് ചാനലിലൂടെ മാനനഷ്ടമുണ്ടാക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂസുഫലി വക്കീല്‍ നോട്ടിസ് അയച്ചത്. ഇതിനു പിന്നാലെയാണ് മാപ്പപേക്ഷയുമായി സാജന്‍ സ്‌കറിയ രംഗത്തെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത വിഡിയോയ്‌ക്കെതിരെയാണ് യൂസുഫലി വക്കീല്‍ നോട്ടിസ് നല്‍കിയത്. മൂന്നു പെണ്‍കുട്ടികളായതിനാല്‍ യൂസുഫലി ഭാര്യയെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചെന്നാണ് വിഡിയോയിലെ ആരോപണം. ഇതോടൊപ്പം ഏക സിവില്‍കോഡിനെ യൂസുഫലി അംഗീകരിക്കുന്നുവെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞിരുന്നു. എന്നാല്‍, ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചിട്ടില്ലെന്നും ഇതു തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നല്‍കിയതാണെന്നും യൂസുഫലി വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം താന്‍ ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞത് മതനിന്ദാപരമായ പരാമര്‍ശമാണെന്നും സമൂഹത്തില്‍ ഇസ്‌ലാം വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. യൂസുഫലി സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചെന്ന് താന്‍ പറഞ്ഞത് ഒരു വ്യക്തി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അയാള്‍ നല്‍കിയ വിവരം തെറ്റായിരുന്നുവെന്നും അതിനാല്‍ താന്‍ തിരുത്തുകയാണെന്നുമാണ് ഷാജന്‍ സ്‌കറിയ പറഞ്ഞു. ആ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും യൂസുഫലി ഏക സിവില്‍കോഡിന് അനുകൂലമാണെന്ന പരാമര്‍ശവും പിന്‍വലിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു. ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങള്‍ തനിക്കും ലുലു ഗ്രൂപ്പിനും ലുലു തൊഴിലാളികള്‍ക്കും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് വക്കീല്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏഴു ദിവസത്തിനകം കേരളത്തിലെ പ്രമുഖ പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ പത്തു കോടി രൂപ നഷ്ടപരിഹാരം നല്‍കണം. ഇല്ലെങ്കില്‍ നിയമനടപടികള്‍ ആരംഭിക്കുമെന്നായിരുന്നു നോട്ടിസില്‍ വ്യക്തമാക്കിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *