കൊച്ചി നഗരത്തിൽ ഇന്നലെ രാത്രിയാണു സംഭവം. ബംഗളൂർ സ്വദേശി അജയ് (33) ആണു കൊല്ലപ്പെട്ടത്. സുരേഷ് എന്നയാളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത്: അജയും സുരേഷും സുഹൃത്തുക്കളാണ്. സുരേഷിന്റെ ഭാര്യയുമായി അജയിന് അടുപ്പമുണ്ടായിരുന്നു. ഇതിൽ സുരേഷ് കുപിതനായിരുന്നു. ഈ ബന്ധം തുടരരുതെന്ന് പല പ്രാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും ചില പ്രശ്നങ്ങളുണ്ടായപ്പോൾ ഭാര്യയെക്കൊണ്ട് അജയിനെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി. ഭാര്യയെ കാറിലിരുത്തി പറത്തു വന്ന സുരേഷ് മാത്രം ഹോട്ടൽ മുറിയിൽ കാത്തിരുന്നു. പിന്നാലെ അജയ് ഹോട്ടൽ മുറിയിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സുരേഷ് കൈയിൽ കരുതിയിരുന്ന സ്പാനർ ഉപയോഗിച്ച് അജയിന്റെ തലയ്ക്കടിച്ചു. മാരകമായി മുറിവേറ്റ അജയ് മുറിയിൽ നിന്നു പുറത്തേക്കിറങ്ങിയോടി. ഹോട്ടലിനു പുറത്തുള്ള കാറിനു സമീപമെത്തിയപ്പോഴേക്കും കുഴഞ്ഞു വീണു. ഹോട്ടൽ അധികൃതർ അറിയിച്ചതുനുസരിച്ച് പൊലീസ് എത്തി ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. അിനു മുൻപേ അജയ് മരിച്ചിരുന്നു. സുരേഷിനെ ഹോട്ടൽ മുറിയിൽ നിന്നു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യയെയും ചോദ്യം ചെയ്യുകയാണ്.