EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഓണക്കാലത്ത് ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കും: മന്ത്രി ജി ആർ അനിൽ…

ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.  ഓണം പോലുള്ള ഉത്സവകാലത്ത് പൊതുവിപണിയിൽ അരി വില ക്രമാതീതമായി ഉയരുന്നത് തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂലൈ 1ന് ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുൻഗണനേതര വിഭാഗത്തിലെ കുടുംബങ്ങൾക്ക് ഓണക്കാലത്ത് 5 കിലോഗ്രാം അരി വീതം നിലവിൽ സംസ്ഥാനത്തിന് ലഭിക്കുന്ന ടൈഡ് ഓവർ വിഹിതത്തിന്റെ നിരക്കായ 8.30 രൂപയ്ക്ക് ലഭ്യമാക്കണമെന്നും 2022 മുതൽ നിർത്തിവെച്ച ഗോതമ്പിന്റെ ടൈഡ് ഓവർ വിഹിതം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. രാജ്യസഭാംഗം പി. സന്തോഷ് കുമാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എന്നാൽ, ഈ ആവശ്യങ്ങൾ പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ജൂലൈ 2ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ, ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (ഒ.എം.എസ്.എസ്.) വഴി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് അരി വാങ്ങാമെന്നും വാർഷിക അലോട്ട്‌മെന്റിന്റെ 6 മാസത്തെ ഭക്ഷ്യധാന്യം മുൻകൂറായി ഏറ്റെടുക്കാൻ അനുമതിയുണ്ടെന്നും വ്യക്തമാക്കുന്നു.
1965 മുതൽ കേരളത്തിൽ സാർവത്രിക റേഷൻ സമ്പ്രദായം നിലനിന്നിരുന്നെങ്കിലും 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തോടെ 57 ശതമാനം ജനങ്ങൾ റേഷൻ പരിധിക്ക് പുറത്തായി. സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം 16.25 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. ഇതിൽ 10.27 ലക്ഷം മെട്രിക് ടൺ മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് സൗജന്യമായി നൽകുന്നു. ബാക്കി 3.98 ലക്ഷം മെട്രിക് ടൺ 8.30 രൂപ നിരക്കിൽ ടൈഡ് ഓവർ വിഹിതമായി ലഭിക്കുന്നു. ഈ അരി ഉപയോഗിച്ചാണ് മുൻഗണനേതര വിഭാഗത്തിന് റേഷൻ നൽകുന്നത്. നാണ്യവിളകളിലൂടെ രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ഒരു ഭക്ഷ്യകമ്മി സംസ്ഥാനമാണ് കേരളം. ഭക്ഷ്യസുരക്ഷാ നിയമത്തോടെ പൊതുവിപണിയിൽ അരി വില നിയന്ത്രിക്കുന്നത് ശ്രമകരമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.


ഒ.എം.എസ്.എസ്. സ്‌കീം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, രജിസ്റ്റർ ചെയ്ത വ്യാപാരികൾ, മില്ലുകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് ഓക്ഷനിൽ പങ്കെടുത്ത് ഭക്ഷ്യധാന്യം വാങ്ങാൻ അനുവദിക്കുന്നു. സപ്ലൈകോ വർഷങ്ങളായി ഈ സ്‌കീമിലൂടെ അരി വാങ്ങി വിതരണം ചെയ്യുന്നു. 2020-21ൽ 21,865 മെട്രിക് ടൺ പച്ചരി, 26,375 മെട്രിക് ടൺ പുഴുക്കലരി, 9,190 മെട്രിക് ടൺ ഗോതമ്പ് എന്നിവ സപ്ലൈകോ ഇപ്രകാരം വാങ്ങി വിതരണം  ചെയ്തിട്ടുണ്ട്. പിന്നീട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെയും  സപ്ലൈകോയെയും ഈ സ്‌കീമിൽ നിന്ന് വിലക്കിയിരുന്നെങ്കിലും സംസ്ഥാനങ്ങളുടെ സമ്മർദത്തെ തുടർന്ന് വിലക്ക് നീക്കി. 2025 ജനുവരി മുതൽ 4,475 മെട്രിക് ടൺ അരി സപ്ലൈകോ ഏറ്റെടുത്ത് വിതരണം ചെയ്തു.
ഗോതമ്പിന്റെ ടൈഡ് ഓവർ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം നിരസിച്ചു. കേരളത്തിൽ 40 ശതമാനത്തിലധികം ആളുകൾ പ്രമേഹ ബാധിതരാണെന്ന കണക്കുകൾ പരിഗണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. 2018ലെ ഓഖി ദുരന്തത്തിൽ 3,555 മെട്രിക് ടൺ അരി സൗജന്യമായി നൽകിയതിന്റെ 8.31 കോടി രൂപ, പ്രളയബാധിതർക്ക് 89,540 മെട്രിക് ടൺ അരി നൽകിയതിന്റെ 205.80 കോടി രൂപ, കോവിഡ് കാലത്ത് കാർഡ് ഒന്നിന്  സൗജന്യനിരക്കായ 15 രൂപയ്ക്ക് 10  കിലോഗ്രാം അരി വീതം  നൽകിയതിന്റെ 649 കോടി രൂപ എന്നിവ കേന്ദ്രം സംസ്ഥാനത്തോട് ഈടാക്കിയിരുന്നു. എന്നിട്ടും, സംസ്ഥാന സർക്കാർ ഒരു പ്രതിസന്ധിയിലും ജനങ്ങളെ കൈവിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.നിലവിൽ സപ്ലൈകോയിൽ പച്ചരി 29 രൂപയ്ക്കും കെ-റൈസ് 33 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിലും കുറഞ്ഞ നിരക്കിൽ അരി ലഭ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഇതിനാവശ്യമായ നടപടികൾക്ക് നിർദേശം നൽകിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *