സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യാ ഇൻസ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി.ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടിൽ സമര പോരാട്ടങ്ങളിലൂടെ സ്‌ഫുടം ചെയ്‌തെടുത്ത രാഷ്ട്രീയ പ്രവർത്തകനാണ്.
പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിസ്‌തി ഭാര്യയാണ്. യുകെയിൽ സർവകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവർത്തകൻ പരേതനായ ആശിഷ് യെച്ചൂരി എന്നിവർ മക്കളാണ്. സർവേശ്വര സോമയാജി യെച്ചൂരി, കൽപ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചു. ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളിൽ ഹയർ സെക്കൻഡറിക്ക് പഠിക്കുമ്പോൾ സിബിഎസ്സി പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടി. തുടർന്ന് ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിഎ ഓണേഴ്‌സ് പഠനം. ജെഎൻയുവിൽ നിന്ന് എംഎ പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങി.ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥിയായിരിക്കെ 1974ലാണ് എസ്എഫ്‌ഐ അംഗമായത്. അടിയന്തിരാവസ്ഥ കാലത്ത് ഒളിവിൽ കഴിഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം തുടരവെ 1975ൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1977 ൽ ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. തുടർന്ന് പ്രസിഡന്റ് പദവിയിൽ. ‘പഠിക്കുക, പോരാടുക’ എന്ന മുദ്രാവാക്യം എസ്എഫ്ഐ ഉയർത്തുന്നത് ഈ കാലഘട്ടത്തിലാണ്.