മണ്ണറക്കോണം ജംഗ്ഷൻ മുതൽ പേരൂർക്കട വരെയാണ് രണ്ടാം റീച്ച്. 125 പേർക്കാണ് ഇന്ന് പ്രമാണ പരിശോധനയ്ക്ക് ഹാജരാകാൻ നോട്ടീസ് നല്കിയിരുന്നത്. 83 പേരാണ് ഇന്ന് ഹാജരായത്. എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത്, കിഫ്ബി സ്പെഷ്യൽ തഹസിൽദാർ ഷീജ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിവിധ കാരണങ്ങളാൽ ഇന്ന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് കവടിയാറിലുള്ള കിഫ്ബി സ്പെഷ്യൽ തഹസീൽദാരുടെ ഓഫീസിൽ ഹാജരായി രേഖകൾ സമർപ്പിക്കാവുന്നതാണ്. രണ്ടാം റീച്ചിൽ മൊത്തം 375 ഭൂവുടമകളാണ് രണ്ടാം റീച്ചിലുള്ളത്. മേയ് 13, 17 തീയതികളിൽ മണ്ണാമ്മൂല കൺകോർഡിയ യു.പി.എസ്. ഓഡിറ്റോറിയത്തിൽ ബാക്കിയുള്ളവരുടെ ഹിയറിംഗ് നടക്കും. ഇതിനുള്ള നോട്ടീസുകൾ നൽകിക്കഴിഞ്ഞു. വസ്തു ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരമായി നൽകേണ്ട 345,49,76,952 രൂപ കിഫ്ബി കെ.ആർ.എഫ്.ബി ക്ക് അനുവദിക്കുകയും കെ.ആർ.എഫ്.ബി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. പുനരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഭാഗമായി 2,36,14,343 രൂപ വകയിരുത്തിയിട്ടുണ്ട്.823 കോടി രൂപ കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്.പി.വി കൾ. ശാസ്തമംഗലം-വട്ടിയൂർക്കാവ്-പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനുള്ള വസ്തു ഏറ്റെടുക്കുന്നതിനും റോഡ് നിർമ്മാണ പ്രവൃത്തികൾക്കുമായി നേരത്തെ വകയിരുത്തിയിരുന്ന 341.79 കോടി രൂപ പുനർനിർണ്ണയിച്ച് 735 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്.