പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരേ കേസെടുത്തു. ബിജെപി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് ‘മാഹി വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നുവെന്ന് പ്രസംഗിച്ചത്. ‘കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോവാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ സുന്ദരമായ റോഡാക്കി മോദി മാറ്റിയെന്നായിരുന്നു പരാമര്‍ശം. പ്രസംഗം പുറത്തായതോടെ പി സി ജോര്‍ജിനെതിരേ വന്‍പ്രതിഷേധമാണ് ഉയരുന്നത്. സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി കെ പി സുനില്‍കുമാറിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും മാഹിയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനുമാണ് പി സി ജോര്‍ജിനെതിരെ മാഹി പോലിസ് കേസെടുത്തത്. മാഹിയിലെ സ്ത്രീത്വത്തെ അപമാനിക്കുകയും സമൂഹത്തെയാകെ ഗുണ്ടകളും അക്രമികളുമായി ചിത്രീകരിക്കുകയുമാണ് ജോര്‍ജ് ചെയ്തതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. നേരത്തേയും വിദ്വേഷപരാമര്‍ശങ്ങളില്‍ പി സി ജോര്‍ജിനെതിരേ നിരവധി കേസുകളെടുത്തിരുന്നു.