റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ഭീകരർ നടത്തിയ വെടിവയ്‌പ്പിലും സ്‌ഫോടനത്തിലും 40 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. വെള്ളി രാത്രിയിൽ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ക്രോകസ് സിറ്റി ഹാളിൽ സൈനികവേഷത്തിലെത്തിയ നാലംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. സംഗീത പരിപാടി നടക്കുന്ന ഹാളിൽ കടന്ന് യന്ത്രതോക്കുകളുമായി ഭീകരർ വെടിവയ്‌ക്കുന്നതിന്റെയും പരിഭ്രാന്തരായി ജനക്കൂട്ടം ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒന്നിലേറെ സ്‌ഫോടനമുണ്ടായി. ഇതോടെ, സംഗീത പരിപാടി നടന്ന ഹാളിന് തീപിടിച്ചു. സുരക്ഷാസേന രംഗത്തുണ്ടെങ്കിലും നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയാണ്.ആക്രമണമുണ്ടായതായി മോസ്കോ മേഖല ഗവർണർ ആൻഡ്രി വോറോബിയോവ് സ്ഥിരീകരിച്ചു. എന്നാൽ, മരണസംഖ്യയിൽ സ്ഥിരീകരണമില്ല. റഷ്യ–- ഉക്രയ്‌ൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഞ്ചാം തവണയും വ്ലാദിമിർ പുടിൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സമീപകാലത്ത് റഷ്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണം ഉണ്ടായത്.