ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍ രണ്ടാംപതിപ്പ് നാളെ (വെള്ളി) മുതല്‍
തിരുവനന്തപുരം: പ്രാദേശികസംഗീതത്തെ ലോകശ്രദ്ധയിൽ എത്തിക്കുന്ന സ്വതന്ത്രസംഗീതജ്ഞര്‍ വീണ്ടും കോവളത്ത് ഒത്തുകൂടുന്നു. വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നടക്കുന്ന ഇന്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) രണ്ടാം പതിപ്പില്‍ എട്ട് രാജ്യങ്ങളിൽ നിന്നായി 15 സ്വതന്ത്ര സംഗീത ബാൻഡുകൾ പങ്കെടുക്കും. പോപ്, റോക്, റാപ്, ഫോക്, ഫ്യൂഷന്‍ സംഗീതങ്ങളുടെ ആരാധകര്‍ക്ക് ലഭിക്കുന്ന അസുലഭ അവസരമാണിത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതലാണ് പരിപാടി. ഒരുദിവസം അഞ്ചു ബാന്‍ഡുകള്‍ വേദിയിലെത്തും. രാജ്യാന്തര മ്യൂസിക് കമ്യൂണിറ്റിയായ ലേസി ഇന്‍ഡീയുമായി ചേര്‍ന്നാണ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ഓസ്‌ട്രേലിയൻ റോക്ക് ബാൻഡായ എസി/ഡിസിയുടെ പ്രധാന ഗായകരിലൊരാളായ ഡേവ് ഇവാൻസാണ് ഇത്തവണത്തെ ഫെസ്റ്റവലിലെ പ്രധാന ആകര്‍ഷണം. 1973ൽ രൂപീകൃതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഗീതാസ്വാദകരെ ഇളക്കിമറിച്ച എസി/ഡിസിയോ അവരിലെ സംഗീതജ്ഞരോ ഇതുവരെ ഇന്ത്യയിലൊരിടത്തും പരിപാടി അവതരിപ്പിച്ചിട്ടില്ല. നവംബർ 11ന് രാത്രി പത്തിനാണ് ഇവാൻസിന്റെ നേതൃത്വത്തിലുള്ള റോക്ക് ബാൻഡ് പാടിത്തിമിർക്കുക. എസി/ഡിസിയുടെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആഗോളപര്യടനത്തിന്റെ ഭാഗമായിക്കൂടിയാണ് ഐഐഎംഎഫിന് ഡേവ് ഇവാൻസ് എത്തുന്നത്.
ലോകമെമ്പാടുമുള്ള സ്വതന്ത്രസംഗീതജ്ഞരാണ് ഇൻഡീ ബാൻഡുകളായി അറിയപ്പെടുന്നത്. ജോർജിയൻ നാടോടി ബാൻഡായ ബാനി ദി ഹിൽ ബാൻഡ്, തായ്‌വാനിൽ നിന്നുള്ള ബാൻഡായ ധർമയുടെ ബുദ്ധിസ്റ്റ് മെറ്റൽ, മദർ ജെയ്ൻ, വൈക്കിങ് ക്യൂൻ, സൈക്കോപഞ്ച്, മെലഡി ഉഗാണ്ട, ഹാമണ്ട് ബ്രദേഴ്സ് എന്നീ വിദേശ ബാന്‍ഡുകള്‍ക്കൊപ്പം ഇൻഡ്യൻ ഓഷ്യൻ, കടൽ, അറിവ്, ശക്തിശ്രീ ഗോപാലൻ, ഗിരീഷ് ആൻഡ് ദി ക്രോണിക്കിൾസ്, ബോണി അബ്രഹാം എൻസെംബിൾ, മാത്തി ബാനി എന്നീ ഇന്‍ഡ്യന്‍ ബാൻഡുകളുമാണ് ഇത്തവണ ഫെസ്റ്റിവലിൽ പോപ്, റോക്ക്, ഫോക്, ഫ്യൂഷൻ സംഗീത വിസ്മയം തീർക്കുക. മലയാളികളായ സ്വതന്ത്ര സംഗീതജ്ഞരും ബാൻഡ് ലേസി ജെയുടെ പങ്കാളികളുമായ ജേയ്, മനോജ് എന്നിവരാണ് ഇൻഡീ മ്യൂസിക് ഫെസ്റ്റിവലില്‍ എത്തുന്ന വിദേശ ബാന്‍ഡുകളെ ക്യൂറേറ്റ് ചെയ്യുന്നത്.
ഡേവ് ഇവാന്‍സ് ഇന്ന് മാനവീയം വീഥിയില്‍
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന് മുന്നോടിയായി ഇന്ന് (വ്യാഴം) രാത്രി 7.30ന് മാനവീയം വീഥിയില്‍ നടക്കുന്ന പരിപാടിയില്‍ ഡേവ് ഇവാന്‍സ് പങ്കെടുക്കും.