സംസ്ഥാനത്തെ ലിംഗനീതി മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലായി കേരളീയം സെമിനാര്‍. തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയും വനിതാ ശിശുവികസനത്തിന് ആദ്യമായി പ്രത്യേക വകുപ്പിനു രൂപം നല്‍കിയും വിദ്യഭ്യാസ, ആരോഗ്യ, സാക്ഷരതാ മേഖലകളില്‍ ഔന്നത്യം നേടിയും രാജ്യത്ത് മാതൃകയായി മാറിയ സംസ്ഥാന നേട്ടങ്ങള്‍ ‘ലിംഗനീതിയും വികസനവും കേരളത്തില്‍’ എന്ന വിഷയത്തില്‍ ടാഗോര്‍ തിയറ്ററില്‍ നടന്ന സെമിനാറില്‍ പ്രശംസനേടി. വിപ്ലവകരമായ സ്ത്രീ മുന്നേറ്റ മാതൃകയായ കുടുംബശ്രീയെ പാനലിസ്റ്റുകളെല്ലാവരും അഭിനന്ദിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി ബജറ്റിന്റെ പത്തുശമാനം വിഹിതം മാറ്റിവച്ചതും ട്രാന്‍സ്ജെന്‍ഡേഴ്സിനായുള്ള മഴവില്ല് പദ്ധതി ഉള്‍പ്പെടെയുള്ള നേട്ടങ്ങളും ശ്രദ്ധനേടിയ സെമിനാറില്‍ കേരളത്തിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷ വര്‍ധിപ്പിക്കുന്നതിനും മാനസികാരോഗ്യക്കുറവ് പരിഹരിക്കുന്നതിനും പൊതു ഇടങ്ങള്‍ കൂടുതല്‍ വനിതാസൗഹൃദമാക്കുന്നതിനും ഗാര്‍ഹിക അതിക്രമങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശിച്ചു.സമഗ്രവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാണ് കേരളത്തിന്റെ വികസന മാതൃകയെന്നും സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കലും ലിംഗനീതിയുമാണ് നവകേരളം വിഭാവനം ചെയ്യുന്നതെന്നും ആരോഗ്യ-വനിതാ ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. കേരളത്തിലെ മാതൃ മരണ,നവജാത ശിശുമരണ,അയൂര്‍ദൈര്‍ഘ്യ നിരക്കുകള്‍ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണ്. 45 ലക്ഷത്തിലധികം അംഗങ്ങളുമായി പ്രവര്‍ത്തിക്കുന്ന സ്ത്രീ ശാക്തീകരണ മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം ലോകത്തിനു മാതൃകയാണ്.
.
സ്ത്രീകളുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മുന്നേറിയിട്ടുണ്ടെങ്കിലും തൊഴിലിടങ്ങളിലെ പങ്കാളിത്തം 28-30 ശതമാനം മാത്രമേയുള്ളൂ. ഉന്നത വിദ്യാഭ്യാസത്തില്‍ സ്ത്രീകള്‍ മുന്നില്‍ ആണെങ്കിലും കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടി ആകുമ്പോള്‍ പലരും പിന്നോട്ട് പോകുകയാണ്. നാടു മാറുമ്പോഴും കുടുംബങ്ങളിലെ മാറാത്ത കാഴ്ചപ്പാടാണ് ഇതിനു കാരണം. സ്ത്രീകളെ തൊഴിലിടങ്ങളില്‍ ആകര്‍ഷിക്കാന്‍ നൈപുണ്യ പരിപാടികള്‍ നടത്തുന്നുണ്ട്. സ്ത്രീകള്‍ക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റല്‍, ഷോര്‍ട്ട് സ്റ്റേ സൗകര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. തൊഴിലിടങ്ങള്‍ കൂടുതല്‍ വനിതാസൗഹൃദമാക്കും. സിറ്റി പ്ലാനിങ്ങിലും ജെന്‍ഡര്‍ ഫ്രണ്ട്ലി സമീപനം സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തിന്റെ വനിതാ നയം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു. വനിതാ നയത്തിന്റെ കരട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. മാനസികാരോഗ്യ നയം പുതുക്കും. അതിനനുസൃതമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. അങ്കണവാടി പ്രവര്‍ത്തകര്‍ക്കു ശമ്പളം വര്‍ധിപ്പിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ശര്‍മ്മിള മേരി ജോസഫ് വകുപ്പിന്റെ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുന്‍ എംപിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ബൃന്ദ കാരാട്ട് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ലിംഗനീതിയിലെ കേരളത്തിന്റെ മെച്ചപ്പെട്ട നിലവാരത്തിനു കാരണം ഇവിടുത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യമാണ്. സ്ത്രീകളെ തുല്യരായി കണ്ടുള്ള സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരള മാതൃക. കേരളത്തിന്റെ പോരാട്ടങ്ങളും കാഴ്ച്ചപ്പാടുകളുമാണ് കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. നിരവധി മേഖലകളില്‍ മുന്നിലെത്തിയ കേരളത്തിലെ സ്ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യം കൂടുതലാണെന്നും അതിനാല്‍ കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹവും അവര്‍ പങ്കുവച്ചു.
*കുടിയേറ്റത്തിന്റെ പുതിയ മാനങ്ങള്‍ ചര്‍ച്ച ചെയ്ത് കേരളീയം പ്രവാസ സെമിനാര്‍…
പ്രവാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും അടയാളപ്പെടുത്തി കേരളീയം സെമിനാര്‍. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ‘കേരളവും പ്രവാസി സമൂഹവും’ എന്ന വിഷയത്തില്‍ നോര്‍ക്ക സംഘടിപ്പിച്ച സെമിനാറില്‍ കുടിയേറ്റത്തിന്റെ പുതിയ മാനങ്ങളും പ്രവണതകളും വെല്ലുവിളികളും ചര്‍ച്ചയായി. ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ബ്രെയിന്‍ വെയ്സ്റ്റ് വരെ നാലു മണിക്കൂര്‍ നീണ്ട സെമിനാറില്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടു. പ്രവാസിഗ്രാമസഭയും എയ്ഞ്ചല്‍ ഫണ്ടിങ്ങും മുതല്‍ ഭരണനിര്‍വഹണത്തിലെ പ്രവാസി പങ്കാളിത്തം വരെയുള്ള വൈവിധ്യമാര്‍ന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ വിദഗ്ധരുടെയും സദസ്സിന്റെയും ഭാഗത്ത് നിന്ന് ഉയര്‍ന്നു.പ്രവാസികള്‍ക്കായി ഇന്ത്യയില്‍ ഏറ്റവുമധികം സാമൂഹിക സുരക്ഷ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് ആമുഖ ഭാഷണത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമായി കോടിക്കണക്കിനു രൂപ കേരളത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും അതിലെ മുന്തിയ ശതമാനവും സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനും പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിരുന്നു. അതുകൊണ്ട് പ്രവാസി പണം കൊണ്ട് മുന്തിയ തൊഴില്‍ സാധ്യതകളോ വന്‍കിട മൂലധന നിക്ഷേപമോ ഇവിടെ ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫ് പ്രവാസത്തില്‍ നിന്ന് വ്യത്യസ്തമാണ് വികസിത രാജ്യങ്ങളിലേക്കുള്ള പുതിയ വിദ്യാര്‍ഥി കുടിയേറ്റം. 50-60 ലക്ഷം രൂപയുടെ കടഭാരമാണ് ഇവരില്‍ പലര്‍ക്കുമുള്ളത്. പഠനശേഷം ഇവര്‍ കേരളത്തിലേക്കു തിരിച്ചുവരുമെന്നും പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടു തന്നെ ക്രിയാത്മകമായ മനുഷ്യവിഭവ ശേഷി, അവര്‍ ചെലവാക്കുന്ന പണം എന്നിവ നഷ്ടമാകുന്നത് കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കൂടാതെ അനധികൃത കുടിയേറ്റവും പ്രവാസികളുടെ തിരിച്ചുവരവും മറ്റു വെല്ലുവിളികളാണ്. നവകേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ പ്രവാസികളും വിദഗ്ധരും പ്രവാസവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍ പ്രവാസി സമൂഹത്തെ സംബന്ധിച്ച നയരൂപവത്കരണത്തില്‍ പരിഗണിക്കുമെന്നും കേരളീയത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന നവകേരള വിഷന്‍ രേഖയ്ക്കായി സമര്‍പ്പിക്കുമെന്നും ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി സുസ്ഥിര തൊഴില്‍ അവസരങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഇടപെടലില്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ ഇതിനകം തന്നെ ആലോചനയിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ക്ഷേമ പെന്‍ഷന്‍ നിലവിലുണ്ടെങ്കിലും 60 കഴിഞ്ഞ പ്രവാസികളെ പ്രത്യേകമായി പരിഗണിക്കും. പ്രവാസിക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വിഹിതം നല്‍കണം എന്ന് സെമിനാറില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ച് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തും. പ്രവാസികളുടെ കൃത്യമായ വിവര ശേഖരണത്തിനു തയ്യാറാക്കിയ ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്ഫോം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അടിസ്ഥാനസൗകര്യ വികസന രംഗത്ത് പ്രവാസി നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. പ്രവാസിനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഡയസ്പോറ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഡയസ്പോറ ബോണ്ട് ആരംഭിക്കണമെന്ന് സെമിനാറില്‍ ഉയര്‍ന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ലോകത്തിന് കേരളം സംഭാവന ചെയ്ത പുതിയ മാതൃകയായ ലോകകേരളസഭ കൂടുതല്‍ വൈവിധ്യവത്കരിക്കും. പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തും. വിദ്യാര്‍ത്ഥി കുടിയേറ്റം മാനേജ് ചെയ്യുന്നതിന് സ്റ്റുഡന്റ്സ് ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
നോര്‍ക്ക ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല വിഷയാവതരണം നടത്തി. പഴയകാല ഗള്‍ഫ് പ്രവാസികള്‍ ജന്മനാടുമായുള്ള ബന്ധം മുറിയാതെ നിലനിര്‍ത്തുന്നതില്‍ ബദ്ധ ശ്രദ്ധരായിരുന്നുവെങ്കില്‍ ഇന്ന് ഗള്‍ഫിലെ രണ്ടാം തലമുറക്ക് ഈ വേര് നിലനിര്‍ത്താന്‍ താല്‍പര്യമില്ലെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായും ചര്‍ച്ചയില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഗോള്‍ഡന്‍ വിസയൊക്കെ വന്നതോടെ ഗള്‍ഫില്‍ സ്ഥിരതാമസമാക്കുന്ന പ്രവണത കൂടുന്നുണ്ട്. തിരിച്ചുവന്നാല്‍ കേരളത്തില്‍ വലിയ സാധ്യതയില്ല എന്നതും അവരെ പിന്നോട്ടടിക്കുന്നു. ഇത് മറികടന്നില്ലെങ്കില്‍ കേരളം വൃദ്ധസദനം പോലെയാകും. എന്നാല്‍ കേരളം പോലെ അവസരങ്ങളുള്ള പ്രദേശം ലോകത്തു വേറെ കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മക്കള്‍ക്ക് വേണ്ടി രാജ്യം വിട്ട പ്രവാസികളെ ഇന്ന് മക്കള്‍ മറക്കുകയാണെന്ന ആശങ്ക ഡി സി ഹെല്‍ത്ത് കെയര്‍ ഇന്‍ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഫൊക്കാന ചെയര്‍മാനുമായ ഡോ. ബാബു സ്റ്റീഫന്‍ പങ്കുവെച്ചു. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് അമേരിക്കയില്‍ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജന്മിത്വത്തെ തകര്‍ക്കുന്നതിന് അടിത്തറ പാകിയത് പ്രവാസമാണെന്നും തിരിച്ചുവരുന്ന പ്രവാസികളോടുള്ള കേരളീയരുടെ മോശം മനോഭാവത്തിന് അടിസ്ഥാനം ഇതാണെന്നും കേരള പ്രവാസി ക്ഷേമ ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ എം എല്‍ എയുമായ പി. ടി. കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ച ഏക രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അങ്ങിനെയാണ് നോര്‍ക്ക വലിയ വകുപ്പായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമം സര്‍ക്കാര്‍ ഒരു അജണ്ടയായി ഏറ്റെടുത്തെന്നും 45,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ. വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികളെ സമൂഹത്തില്‍ ഇഴ ചേര്‍ക്കുന്നതിനും അവര്‍ക്ക് സുസ്ഥിര ജീവിതവൃത്തി ലഭ്യമാക്കുന്നതിനും സാങ്കേതിക നൂലാമാലകളില്ലാത്ത മികച്ച പദ്ധതികള്‍ തയ്യാറാക്കണമെന്നും മുന്‍ ചീഫ് സെക്രട്ടറി ഷീല തോമസ് പറഞ്ഞു. സര്‍ക്കാറിന്റെ പുതിയ സംരംഭമായ കേരള റബര്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്തണമെന്ന് അവര്‍ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. കേരള സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് പ്രവാസികളെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ഡോ. ഇരുദയ രാജന്‍ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പിന്മടക്കം കൂടുന്നതായാണ് ഒമ്പതാം കുടിയേറ്റ സര്‍വേ നല്‍കുന്ന പ്രാഥമിക സൂചനയെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ ജോലി തേടി വിദേശത്തേക്കു പോയപ്പോള്‍ തനിച്ചായിപ്പോയ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠന വിധേയമാക്കണമെന്നും അവര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പശ്ചാത്തല വികസന രംഗത്ത് ധനലഭ്യത ഉറപ്പാക്കാന്‍ ഡയസ്പോറ ബോണ്ട് അവതരിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് ലോകബാങ്ക് ബഹുമുഖ നിക്ഷേപ ഗ്യാരണ്ടി ഏജന്‍സിയുടെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായ ദിലീപ് രഥ പറഞ്ഞു. പ്രവാസികളുടെ പിന്മടക്കം എക്കാലത്തും ഉണ്ടായിരുന്നതായും അതില്‍ ആശങ്ക വേണ്ടെന്നും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ വി മുസ്തഫ പറഞ്ഞു. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ പ്രവാസികളെ കൂടി ഉള്‍ക്കൊള്ളുന്ന സമൂഹമാക്കി കേരളത്തെ മാറ്റണമെന്നും അതിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ പ്രവാസി വ്യവസായിയുമായ സി.വി. റപ്പായി പറഞ്ഞു.
കേരളീയത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ബോണ്‍സായി ചെടികളുടെ പ്രദര്‍ശനത്തിനു ലഭിക്കുന്നത് മികച്ച സ്വീകാര്യത. അയ്യങ്കാളി ഹാളില്‍ നടക്കുന്ന പുഷ്‌പോത്സവത്തില്‍ ജവാഹര്‍ ലാല്‍ നെഹ്‌റു ട്രോപിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനാണ് ബോണ്‍സായി ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. രൂപഭംഗി നഷ്ടപ്പെടാതെ വളര്‍ച്ച നിയന്ത്രിച്ചു ചട്ടികളില്‍ നട്ടു പരിപാലിക്കുന്ന വിവിധയിനം ആല്‍മരങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം കാണുന്നതും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളുമായ ഫൈക്കസ് ടാല്‍ബോട്ടി, ഫൈക്കസ് ഡല്‍ഹൗസി, ഫൈക്കസ് റംഫി, വലിയ ഇലയുള്ള ജയിന്റ് ലീവ്സ് ഫിഗ് എന്നറിയപ്പെടുന്ന ഫൈക്കസ് ലൂട്ടിയ, ത്രികോണാകൃതിയില്‍ ഇലകളുള്ള ഫൈക്കസ് ട്രയാങ്കുലാരിസ് എന്നിവയാണ് ഏറെ ശ്രദ്ധേയം.ആകാരവടിവും ധാരാളം വേരുകള്‍ ഉള്ളതുമാണ് ഫൈക്കസ് മൈക്രോകാര്‍പ്പയും ഫൈക്കസ് മാക്ക് ടെല്ലിയാനയും. ഇലയുടെ അടിവശം കപ്പുപോലെ രൂപാന്തരം പ്രാപിച്ച ഫൈക്കസ് കൃഷ്ണ സന്ദര്‍ശകരില്‍ കൗതുകം ഉണര്‍ത്തുന്നുണ്ട്. 20 വര്‍ഷം വരെ പഴക്കമുള്ള ചെടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം വിവിധ തരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ചെടികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കേരളീയത്തിനു പിന്തുണയുമായി മലയാളം പള്ളിക്കൂടത്തിലെ വിദ്യാര്‍ഥികളെത്തി. തൈക്കാട് മോഡല്‍ എച്ച്.എസ്.എല്‍.പി സ്‌കൂളില്‍ പത്തു വര്‍ഷമായി മാതൃഭാഷയ്ക്കായി പ്രവര്‍ത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിലെ കുട്ടികളാണ് ടാഗോര്‍ തിയറ്ററില്‍ നാരായണ ഭട്ടതിരി ഒരുക്കിയ മലയാളം കലിഗ്രാഫി പ്രദര്‍ശനം കാണാന്‍ എത്തിയത്.അധികമാര്‍ക്കും സുപരിചിതമല്ലാത്ത മലയാളം കലിഗ്രഫി അക്ഷരകലയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. പ്രദര്‍ശനം കാണാന്‍ എത്തിയവരുടെ പേരുകള്‍ മലയാളം കലിഗ്രാഫിയില്‍ എഴുതിയാണ് നാരായണ ഭട്ടതിരി കുട്ടികളെ സ്വീകരിച്ചത്.ഐ.ബി സതീഷ് എംഎല്‍എയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷും അതിഥികളായെത്തി. ഭാഷാ പ്രതിജ്ഞ ചൊല്ലി, മലയാളത്തെയും മലയാളികളെയും എക്കാലവും ചേര്‍ത്തുപിടിക്കണമെന്ന് എം എല്‍ എ കുട്ടികളെ ഓര്‍മിപ്പിച്ചു. ‘മലയാളനാടേ നിന്‍ മാറിലാരോ, മലര്‍മാല ചാര്‍ത്തുന്നു മഞ്ജിമകള്‍’ എന്ന ഗാനം കുട്ടികളും അധ്യാപകരും ആലപിച്ചതിനൊപ്പം നാരായണ ഭട്ടതിരി വരികള്‍ കലിഗ്രാഫിയില്‍ കുറിച്ചതും കൗതുകമായി.മലയാളം പഠിക്കാന്‍ താല്‍പര്യമുള്ള, എന്നാല്‍ പഠിക്കുന്ന സ്‌കൂളില്‍ അതിന് അവസരമില്ലാതെ വരുന്ന കുട്ടികളാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍. കേരളീയത്തിലെ മറ്റു പ്രദര്‍ശനങ്ങളും പരിപാടികളും ആസ്വാദിച്ചാണ് കുട്ടികള്‍ മടങ്ങിയത്. മലയാളം പള്ളിക്കൂടം സെക്രട്ടറി ഡോ. ജെസി നാരായണന്‍നേതൃത്വംനല്‍കി.ഫോട്ടോക്യാപ്ഷന്‍: കേരളീയത്തിന്റെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയ മലയാളം കലിഗ്രാഫി പ്രദര്‍ശനം കാണാന്‍ എത്തിയ മലയാളം പള്ളിക്കൂടത്തിലെ വിദ്യാര്‍ഥികള്‍ ഐ ബി സതീഷ് എം.എല്‍.എ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ്, നാരായണ ഭട്ടതിരി എന്നിവര്‍ക്കൊപ്പം.