ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി.9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഒമ്പത് മിനിറ്റിനൊടുവിൽ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് 8:45ലേക്ക് മാറ്റിയെങ്കിലും വിക്ഷേപണം നടത്താൻ അഞ്ച് സെക്കൻഡ് ബാക്കിനിൽക്കേ ജ്വലനപ്രശ്നങ്ങൾ കാരണം ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് അറിയിച്ചിരുന്നു.രാവിലെ പത്ത് മണിക്ക് തന്നെ വീണ്ടും വിക്ഷേപണത്തിനൊരുങ്ങുകയായിരുന്നു. വിക്ഷേപണ ശേഷം ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ചു. ഗഗന്‍യാന്‍ പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിച്ചത്. നാലു ഘട്ടങ്ങളിലായാണ് പരീക്ഷണം.
ഖത്തറിന്റെ അഭ്യര്‍ഥന; അമേരിക്കന്‍ സ്ത്രീയെയും മകനെയും ഹമാസ് മോചിപ്പിച്ചു…
ഫലസ്തീനില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ, ബന്ദിയാക്കപ്പെട്ട അമേരിക്കന്‍ സ്ത്രീയെയും മകനെയും മോചിപ്പിച്ച് ഹമാസ്. ഖത്തറിന്റെ അഭ്യര്‍ഥന പ്രകാരമാണ് ജുദിത് റായ് റാണന്‍, ഇവരുടെ 17കാരിയായ മകള്‍ നതാലി റാണന്‍ എന്നിവരെ വെള്ളിയാഴ്ച രാത്രിയോടെ വിട്ടയച്ചത്. ഇരുവരെയും ഗസ അതിര്‍ത്തിയിലെത്തിച്ചാണ് കൈമാറിയത്. പിന്നീട് ഇവരെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് യുഎസ് എംബസിയിലേക്ക് മാറ്റിയതായാണ് റിപോര്‍ട്ട്. ജുതിന്റെ ആരോഗ്യനില മോശമായതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി. ഖത്തറിന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിനിടെ ബന്ദിയാക്കിയ 200 ഓളം പേരില്‍ ഉള്‍പ്പെട്ടതാണ് ഇരുവരും. മോചിപ്പിക്കപ്പെട്ട ശേഷം ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ സന്തോഷം അറിയിച്ചു. മറ്റു ബന്ദികളുടെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി. അതിനിടെ, ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടര്‍ന്നും ചര്‍ച്ച നടത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചു.
സന്തോഷ് ഈപ്പൻ, സ്വപ്ന സുരേഷ് എന്നിവരുടെ 5.38 കോടി രൂപ കണ്ടുകെട്ടി…
ലൈഫ് മിഷൻ കള്ളപ്പണ കേസിൽ നിർണായക നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തുക്കളും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവും ഇഡി കണ്ടുകെട്ടി. എല്ലാ കൂടി 5.38 കോടി രൂപയുടെ സ്വത്തുവകകളാണു ഇഡി കണ്ടുകെട്ടിയത്. ലൈഫ് മിഷൻ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്.