2023ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞരായ കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറായ ഡ്രൂ വീസ്മാന്‍. ഇരുവരുടെയും കണ്ടെത്തലുകളാണ് ലോകത്തെ വിറപ്പിച്ച കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. ഈ വര്‍ഷം നല്‍കുന്ന ആറ് നൊബേല്‍ സമ്മാനങ്ങളില്‍ ആദ്യത്തേതാണ് ഈ പുരസ്‌കാരം. ഫിസിയോളജി അല്ലെങ്കില്‍ മെഡിസിന്‍, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക് സയന്‍സ്, സാഹിത്യം, സമാധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഭാവനകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. സ്‌റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസില്‍ ബുധനാഴ്ചയാണ് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുക. കഴിഞ്ഞ വര്‍ഷം, കരോലിന്‍ ആര്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്‌ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുക.