
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ അടക്കണം. 726 എ.ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.സ്വയാര്‍ജിത ബുദ്ധി ഉപയോഗിച്ച് ഓരോ വാഹനത്തിന്റെയും നിയമലംഘനങ്ങള്‍ സൂം ചെയ്ത് കണ്ടെത്തി, കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം അയക്കാന്‍ ശേഷിയുള്ളതാണ് എ.ഐ ക്യാമറകള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും ഇത് പ്രായോഗികമല്ലെന്ന വാദവും നിലനില്‍ക്കുമ്പോളാണ് നാളെ മുതല്‍ യാത്രക്കാരുടെ കീശ കീറുന്നത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എം.വി.ഡി തീരുമാനിച്ചിരുന്നു. എ.ഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്ന് മന്ത്രി ആന്റണി രാജു അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എ.ഐ ക്യാമറകള്‍ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എ.ഐ ക്യാമറ പിഴ ഈടാക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്‍കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.