കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത 24 സൗത്ത് പര്‍ഗനാസ് സ്വദേശി പ്രസോന്‍ജീത് സിക്ദര്‍(40) തന്നെയാണെന്ന് പോലിസിന്റെ സ്ഥിരീകരണം. പ്രതി ഭിക്ഷാടകനാണെന്നും പണം ലഭിക്കാത്ത നിരാശയില്‍ ചെയ്തതാവാമെന്നും ഉത്തരമേഖല ഐജി നീരജ്കുമാര്‍ ഗുപ്ത പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ട്. രണ്ടു വര്‍ഷമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാള്‍ക്ക്, ഇവിടെയെത്തിയശേഷം ഉദ്ദേശിച്ച രീതിയില്‍ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നാണ് ഈ ഘട്ടത്തില്‍ മനസ്സിലാവുന്നത്. നിലവില്‍ പ്രസോന്‍ജീത് മാത്രമാണ് പ്രതി. കൂടുതല്‍ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.