ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധനവ് എത്രയുണ്ടാവുമെന്ന് തീരുമാനമായിട്ടില്ല. 2023 ഏപ്രില്‍ ഒന്നുമുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കും. പെര്‍മിറ്റ് ഫീസില്‍ യുക്തിസഹമായ വര്‍ധനവ് വരുത്തും. നിരക്ക് പിന്നീട് നിശ്ചയിക്കും. വസ്തുനികുതി 5 ശതമാനം വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി അടുത്ത വര്‍ഷം മുതല്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ബാധകമായിരിക്കും. നേരത്തേ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു വസ്തു നികുതിയിളവ്. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്രമീറ്റര്‍ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.