ഈവർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല അയ്യപ്പ സ്വാമി ക്ഷേത്ര നടയടച്ചു. ഇന്നു പുലർച്ചെ അഞ്ചിന് നട തുറന്നെങ്കിലും ഭക്തർക്കു ദർശനം ഉണ്ടായിരുന്നില്ല. പുലയുള്ളതിനാൽ പന്തളം രാജ പ്രതിനിധിയും ഉണ്ടായിരുന്നില്ല. തിരുവാഭരണ സംഘാംഗങ്ങൽ മാത്രമാണ് സോപാനത്തെത്തിയത്. തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡ് കുറിച്ചാണ് ഈ വർഷത്തെ തീർഥാടനം അവസാനിച്ചത്. രണ്ടു മാസത്തിനുള്ളിൽ മൂന്നു കോടിയിലധികം തീർഥാടകരെത്തിയെന്നു കരുതുന്നു.മകര വിളക്കിന് അയ്യപ്പ സ്വാമിക്കു ചാർത്തിയ തിരുവാഭരണങ്ങൾ യഥാവിധി പേടകങ്ങളിലേക്കു മാറ്റി, അവ തലച്ചുമടായി ഏറ്റുവാങ്ങി രാവിലെ 6 മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഇന്നലെ അവസാനിച്ചിരുന്നു. നട അടച്ചതിനുശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് റെക്കോർഡ് വരുമാനം കിട്ടിയ തീർത്ഥാടന കാലമാണ് കടന്നുപോയത്. നിലവിലെ കണക്ക് പ്രകാരം 312 കോടിയിലധികം രൂപയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളത്. സന്നിധാനത്ത് കാണിക്കയായി കിട്ടിയ നാണയങ്ങൾ ഇതുവരെ പൂർണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. ഇതിനു ശേഷമേ മുഴുവൻ വരുമാനം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.തിരുവാഭരണങ്ങൾ ഞായറാഴ്ച പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ തിരിച്ചെത്തിക്കും.