ഏഷ്യൻ ഭൂഖണ്ഡത്തിൽ വീണ്ടും സംഘർഷ സാധ്യത. തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്ന് ചൈന. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന തായ്‌വാൻ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം പ്രഖ്യാപിച്ചു. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ച് കടന്നാൽ മിണ്ടാതിരിക്കില്ലെന്ന് തായ്‌വാനും മുന്നറിയിപ്പ് നൽകിയതോടെ ഏഷ്യാ വൻകര മറ്റൊരു സംഘർഷത്തിന്റെ ഭീതിയിലായി.നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തോട് അതിരൂക്ഷമായാണ് ചൈന പ്രതികരിക്കുന്നത്. നാളെ മുതൽ തായ്‌വാൻ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം തുടങ്ങുമെന്ന് ചൈന പ്രഖ്യാപിച്ചു. ഇതിനായി വൻതോതിലുള്ള ആയുധ സൈനിക വിന്യാസം തുടങ്ങി. യുക്രൈനിൽ റഷ്യ ചെയ്തത് പോലെ വേണ്ടി വന്നാൽ സമ്പൂർണ സൈനിക നീക്കത്തിനുള്ള പടയൊരുക്കമാണ് ചൈന നടത്തുന്നതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. പെലോസിയുടെ സന്ദർശനത്തോടുള്ള പ്രതിഷേധം അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന അറിയിച്ചു. തായ‍്‍വാനെതിരെ വ്യാപാര നിരോധനം അടക്കം സാമ്പത്തിക നടപടികളും ചൈന പ്രഖ്യാപിച്ചു. അതേസമയം സൈനിക അഭ്യാസത്തിന്റെ മറവിൽ ചൈനീസ് പട്ടാളം അതിർത്തി കടന്നാൽ പ്രതികരിക്കേണ്ടി വരുമെന്ന് തായ‍്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മുന്നറിയിപ്പ് നൽകി. സൈന്യത്തോട് ജാഗ്രത പുലർത്താനുംഅദ്ദേഹം നിർദേശിച്ചു.