മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് അത്യന്തം അപലപനീയവും നിയമാവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ശ്രീറാമിന്റെ നിയമനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗള്‍ഫില്‍ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയ സംഭവത്തില്‍ അദ്ദേഹം സ്ഥാപനത്തോടും തൊഴിലാളികളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം. വയനാട്ടില്‍ ദേശാഭിമാനി ലേഖകനോട് പ്രതിപക്ഷ നേതാവ് അപമര്യാദയായി പെരുമാറിയ സംഭവം പ്രതിഷേധാര്‍ഹമാണ്. ഇ.പി.എഫ് പെന്‍ഷന്‍ സര്‍ക്കാര്‍ പെന്‍ഷന് ആനുപാതികമായി വര്‍ധിപ്പിക്കണമെന്നും യൂനിയന്‍ തെരഞ്ഞെടുപ്പ് രീതി കുറ്റമറ്റതാക്കി പരിഷ്‌കരിക്കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.