വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇ പി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍ഡിഗോ അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്‌വാന അധ്യക്ഷനായ മൂന്നംഗസമിതിയാണ് അന്വേഷണം നടത്തിയത്. ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നും ഇപി ജയരാജനില്‍ നിന്നും മൊഴിയെടുത്തിരുന്നു.മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസമിതി നല്‍കിയ റിപോര്‍ട്ടിലാണ് നടപടി ഉണ്ടായിരിക്കുന്നത്.