അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യത്ത് പ്രക്ഷോഭം കത്തിക്കൊണ്ടിരിക്കവെ നിയമനത്തിനുള്ള വിശദമായ മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന. അഗ്‌നിപഥ് സ്‌കീമിലേക്കുള്ള ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മൂല്യനിര്‍ണയം, അവധി, ലൈഫ് ഇന്‍ഷുറന്‍സ്, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയുടെ വിശദാംശങ്ങളാണ് ഇന്ത്യന്‍ വ്യോാമസേന പുറത്തുവിട്ടത്. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി. എല്ലാ ഇന്ത്യക്കാര്‍ക്കും എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അഗ്‌നിപഥില്‍ അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ കാംപസ് ഇന്റര്‍വ്യൂവും നടത്തും. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ തയ്യാറാവണം. പരിശീലന കാലയളവിലേക്ക് അവരുടെ യൂനിഫോമില്‍ ധരിക്കാന്‍ ഒരു പ്രത്യേക ചിഹ്‌നമുണ്ടായിരിക്കും. ജോലിക്ക് നിയമിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം.