സംസ്ഥാനത്ത് ഇന്ന് അർധ രാത്രി മുതൽ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം. ഇതു തീരദേശത്തിന്റെ പട്ടിണിക്കാലമാണ്. ഇതു മറി കടക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും എടുത്തിരിക്കുന്ന വായ്പകളുടെ തിരിച്ചടവിൽ ഇളവ് അനുവദിക്കണമെന്നും ഈ കാലത്തെ പലിശ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും അവരെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ വിതരണം ഊർജിതമാക്കണണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാർബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാർബറുകളിലും ലാൻഡിംഗ് സെൻററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്. മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും.