സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന സുരേഷ്. പാലക്കാട്ടെ ബില്‍ടെക് ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കൂടെ നില്‍ക്കുന്നവരെല്ലാം അപകടത്തിലാണെന്നും തനിക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.സ്വപ്‌ന സുരേഷ് രാവിലെ 10 മണിയോടെ തന്റെ വീട്ടില്‍വെച്ച് മാധ്യമങ്ങളെ കണ്ടിരുന്നു. തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നത് അടക്കമുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം പതിനഞ്ച് മിനിറ്റിനുള്ളിലാണ് സരിത്തിനെ ഫ്‌ളാറ്റില്‍നിന്ന് തട്ടിക്കൊണ്ടു പോയതെന്ന് സ്വപ്ന പറഞ്ഞു. പിന്നീട് 11.15-ഓടെ വീണ്ടും മാധ്യമങ്ങളെ കണ്ടാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.