പാണക്കാട് കുടുംബത്തിലെ മൂന്ന് പേരുടെ പേരുകളാണ് മലപ്പുറം മുസ്ലീം ലീഗ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്.
മലപ്പുറം: സാദിഖലി തങ്ങൾ സ്ഥാനമൊഴിയുന്നതോടെ മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ നിയോഗിക്കണം എന്ന കാര്യത്തിൽ ലീഗിൽ ആശയക്കുഴപ്പം രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സാദിഖലി തങ്ങളുടെ സഹോദരൻ കൂടിയായ അബ്ബാസ് അലി തങ്ങളെ ജില്ലാ പ്രസിഡണ്ടാക്കാനാണ് ലീഗ് നേതാക്കളുടെ താല്പര്യം. എന്നാൽ അന്തരിച്ച ഉമറലി തങ്ങളുടെ മകൻ റഷീദലി തങ്ങളുടെ പേരാണ് സമസ്ത നിർദ്ദേശിക്കുന്നത്. ഇതോടെ യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങളുടെ പേരും ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്. മുനവ്വറലി ശിഹാബ് തങ്ങൾക്കാണ് കൂടുതൽ സാധ്യത.
ഇന്ന് പാണക്കാട് ചേർന്ന മുസ്ലീംലീഗ് നേതൃയോഗമാണ് സാദിഖലി തങ്ങളെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. മുസ്ലീം ലീഗ് ദേശീയ പ്രസിഡണ്ട് കെ.എം.ഖാദർ മൊയ്തീന്റെ അധ്യക്ഷതയിൽ പാണക്കാട് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം . മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയർമാനായും സാദിഖലി തങ്ങളെ തെരെഞ്ഞെടുത്തിട്ടുണ്ട്.
ലീഗ് ഉന്നതാധികാര സമിതി അംഗം, മലപ്പുറം ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവന്ന സാദിഖലി തങ്ങൾ ഹൈദരലി ശിഹാബ് തങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായ ഘട്ടം മുതൽ സംസ്ഥാന പ്രസിഡണ്ടിന്റെ ചുമതല നിർവ്വഹിച്ചു വരികയായിരുന്നു. മുൻ കാല നേതാക്കൾ കാണിച്ചു തന്ന പാതയിലൂടെ മുസ്ലീം ലീഗിനെ നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പഴയ കാല നേതാക്കളുടെ പാരമ്പര്യവും അനുഭവസമ്പത്തും കരുത്തു പകരുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പ്രഖ്യാപനം വന്നതിനു പിന്നാലെ അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ , കുറ്റ്യാടി എംഎൽഎയും സിപിഎം നേതാവുമായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുടങ്ങിയവരെത്തി.