EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കേരള ഫിലിം മാർക്കറ്റിന് തുടക്കമാകും…

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് നാളെ (ഞായർ) തുടക്കമാകും.ഡിസംബർ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ നടക്കുന്ന ഫിലിം മാർക്കറ്റ് നാളെ (ഞായർ) രാവിലെ 10 ന് കെഎസ്എഫ്ഡിസി ചെയർമാൻ കെ മധുവിന്റെ അദ്ധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉദ്ഘാടനം ചെയ്യും. ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും.മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകൾക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകൾ തുറന്നുനൽകുക, അന്താരാഷ്ട്ര ക്രിയേറ്റീവ് ഫിനാൻഷ്യൽ സഹകരണം സാധ്യമാക്കുക, സിനിമാ വ്യവസായം, സാങ്കേതിക വിദ്യ എന്നിവയിലെ ഏറ്റവും നൂതന വിജ്ഞാനം പങ്കുവയ്ക്കുക എന്നിവയാണ് കേരള ഫിലിം മാർക്കറ്റിൻെറ ലക്ഷ്യങ്ങൾ.

വയലിനിൽ അയ്യപ്പ സ്തുതി കീർത്തനങ്ങളുമായി നാലാം ക്ലാസുകാരി വൈഗ വിപിൻ

ഞായറാഴ്ച പ്രഭാതം സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി നാലാം ക്ലാസുകാരി വൈഗ വിപിന്റെ വയലിൻ കച്ചേരി. കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി അയ്യപ്പ ദർശനത്തിന് എത്തുന്ന വൈഗ ഇത് ആദ്യമായാണ് സന്നിധാനത്ത് വയലിൻ കച്ചേരി അവതരിപ്പിക്കുന്നത്. അഞ്ച് കീർത്തനങ്ങളാണ് വൈഗ അവതരിപ്പിച്ചത്. തൃശ്ശൂരിലെ സി എസ് അനുരൂപിന്റെ കീഴിൽ കഴിഞ്ഞ രണ്ടു വർഷമായി വൈഗ വയലിൽ പഠിക്കുന്നുണ്ട്. കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ വൈഗ അച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമാണ് സന്നിധാനത്ത് എത്തിയത്.

തീർത്ഥാടകരുടെ ആരോഗ്യത്തിന് 24 മണിക്കൂറും കരുതൽ; മികച്ച സേവനങ്ങളുമായി ആരോഗ്യ വകുപ്പ്…

103 ഹൃദയാഘാത കേസുകളിൽ 81 പേരെയും രക്ഷിച്ചു.

ശബരിമലയിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കായി ആരോഗ്യവകുപ്പ് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളും, വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനവും തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു.തീർത്ഥാടന പാതയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും സമയബന്ധിതമായ ഇടപെടലും വഴി, റിപ്പോർട്ട് ചെയ്ത 25 ഹൃദയസ്തംഭന (കാർഡിയാക് അറസ്റ്റ്) കേസുകളിൽ 6 പേരെ രക്ഷിക്കാൻ സാധിച്ചു. 103 ഹൃദയാഘാത കേസുകളിൽ 81 പേരെയും രക്ഷിക്കാനായി.

ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ

മലകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കാർഡിയാക് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കാർഡിയോളജി യൂണിറ്റുകൾ സജ്ജമാണ്. ഹൃദയാഘാത സാധ്യതയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ സ്ട്രെപ്റ്റോ കൈനേസ് (streptokinase/tenecteplase) പോലുള്ള മരുന്നുകളും ലഭ്യമാണ്.

ഇതുവരെ നൽകിയ സേവനങ്ങളുടെ വിവരങ്ങൾ:
ആകെ ഒ.പി. (ശബരിമലയും സമീപ ആശുപത്രികളും)- 95,385
ഹൃദയാഘാത കേസുകൾ (മയോകാർഡിയൽ ഇൻഫാർക്ഷൻ) 103 – രക്ഷിക്കപ്പെട്ടവർ 81
ആകെ കാർഡിയാക് അറസ്റ്റ് കേസുകൾ 25
-രക്ഷിച്ചത് 6
അപസ്മാരം (Seizures) – 44 (എല്ലാം രക്ഷിച്ചു)
മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തവർ – 337

പ്രധാന ആരോഗ്യ സേവനങ്ങൾ:

24×7 സേവനം: പമ്പയിൽ എമർജൻസി കൺട്രോൾ റൂം പ്രവർത്തിക്കുന്നു. പമ്പ, നിലയ്ക്കൽ, സന്നിധാനം, ചരൽമേട്, അപ്പാച്ചിമേട്, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ (OP/IP സേവനങ്ങൾ) സജ്ജമാണ്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ഓപ്പറേഷൻ തീയേറ്റർ, ഐസിയു എക്സ്-റേ ലാബ് സൗകര്യം എന്നിവയുണ്ട്. നിലക്കലിലും ലാബ് സൗകര്യം ലഭ്യമാണ്. ആകെ 22 എമർജൻസി മെഡിക്കൽ സെൻററുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 17 എണ്ണം പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ പ്രവർത്തിക്കുന്നു.വിദഗ്ധ ഡോക്ടർമാർ: ഹൃദ്രോഗ ചികിത്സയ്ക്കായി പരിശീലനം ലഭിച്ച മെഡിക്കൽ ഓഫീസർമാർ, സ്റ്റാഫ് നഴ്‌സുമാർ, ഇ.സി.ജി. മെഷീൻ, ഓക്സിജൻ സിലിണ്ടറുകൾ, അടിയന്തര സാഹചര്യങ്ങൾക്കുള്ള മരുന്നുകൾ, ആംബുലൻസ് സൗകര്യം എന്നിവ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാണ്.

സന്നിധാനത്തെ സേവനം: സന്നിധാനത്തെ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി യൂണിറ്റ്, വെന്റിലേറ്ററുകൾ, ഓപ്പറേഷൻ തിയേറ്റർ, ഐസിയു, എക്സ്-റേ, ലാബ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.തീർത്ഥാടകർക്ക് സുരക്ഷിതമായി മലകയറാനും ദർശനം പൂർത്തിയാക്കാനും ആവശ്യമായ എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *