
ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം ദീപസ്തംഭം തെളിയിക്കാൻ സൂപ്പർ താരം മോഹൻലാൽ എത്തുന്നു. ആഗസ്റ്റ് 21,വ്യാഴാഴ്ച ത്രയോദശി സുദിനത്തിലാണ്ലക്ഷദീപം വിളംബര പത്രം സ്വീകരിക്കാനും മുറജപം – ലക്ഷ ദീപം ദീപസ്തംഭം തെളിയിക്കാനുമായി മോഹൻലാൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സന്നിധിയിൽ എത്തുക.

ഇന്ത്യയ്ക്കെതിരെ പാക് ആണവ ഭീഷണി; സിന്ധു നദിയിൽ അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്ന് പാക് സൈനിക മേധാവി…
ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി അസിം മുനീർ. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നും കശ്മീർ പാകിസ്താന്റെ ജീവനാഡിയാണെന്നും അസിം മുനീർ പറഞ്ഞു.പാകിസ്താൻ ആണവ രാഷ്ട്രമാണെന്നും തങ്ങൾ തകർന്നാൽ ലോകത്തിലെ പകുതി രാജ്യങ്ങളെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യക്കെതിരെ അസിം മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയത്.

സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അത് പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കുമെന്നും സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം പറഞ്ഞു. അമേരിക്കയിൽ പാക് വ്യവസായികളുടെ പരിപാടിയിലാണ് പ്രകോപന പ്രസ്താവന നടത്തിയത്.

ഓപ്പറേഷന് ഡി -ഹണ്ട്: 194 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു …

ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ആഗസ്റ്റ് ഒന്‍പത്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2032 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 187 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 194 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.19927 കി.ഗ്രാം), കഞ്ചാവ് (45.953 കി.ഗ്രാം), കഞ്ചാവ് ബീഡി (129 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ആഗസ്റ്റ് ഒന്‍പതിന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഓരോ ജീവനും വിലപ്പെട്ടത് …
അപകടാവസ്ഥയിലായ ഒരു ജീവനും കൊണ്ടാണ് ഓരോ ആംബുലൻസും വരുന്നത്. ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ ആംബുലൻസിന് എത്രയും വേഗം കടന്നു പോകാൻ വഴിയൊരുക്കുക എന്നതാണ് നമ്മുടെ കടമ. വാഹനത്തിന് പുറകെ ഒരു ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ കഴിയുന്നതും വേഗം ഇടത്തേക്ക് ഇൻഡിക്കേറ്റർ തെളിയിച്ച് വാഹനം പരമാവധി ഇടതുവശത്തേക്ക് ഒതുക്കി ആംബുലൻസിനെ വലത് ഭാഗത്ത്കൂടെ കടത്തിവിടുക.



രാഹുലിൻ്റേത് ആറ്റംബോംബല്ല
നനഞ്ഞ പടക്കം മാത്രം: രാജീവ് ചന്ദ്രശേഖർ
ആറ്റംബോംബെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള ആരോപണങ്ങൾ ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെ ആയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തോറ്റു തോറ്റ് തൊപ്പിയിട്ട പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുൽഗാന്ധി ലക്ഷ്യമിടാൻ കാരണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരം കാലടിയിൽ വാർഡ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് വ്യക്തമാക്കി.ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിൻ്റെ പ്രവൃത്തികളെല്ലാം. അതിർത്തിയിലെ ചൈനീസ്
കയ്യേറ്റമെന്ന പ്രസ്താവനയിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾ തിരിച്ചടിയായതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയത്. രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് നല്ലത്. വർഷത്തിൽ അഞ്ചും ആരും തവണ വിനോദസഞ്ചാരത്തിന് പോകുന്ന രാഹുൽഗാന്ധി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചുകൂടി പഠിക്കണം. തെരഞ്ഞെടുപ്പിന് മുന്നേ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയതാണ്. അത് അന്ന് പരിശോധിക്കാതെ ഇപ്പോൾ ഒരു വർഷം കഴിഞ്ഞ് പരാതി ഉന്നയിക്കുന്നത് നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ആറേഴ് ദിവസം കൂടുമ്പോൾ ഓരോ ആരോപണം വീതം കൊണ്ടുവരുകയും പിന്നാലെ പൊളിയുകയും ചെയ്യുന്നു. ബോംബെ ഭീകരാക്രമണം , ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ രാഹുലും കോൺസും നടത്തിയ വ്യാജ പ്രചാരണങ്ങൾ എല്ലാം പൊളിഞ്ഞു പോയി. അതുപോലെ വോട്ടർപട്ടിക ആരോപണവും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി വരുന്നതോടെ പൊളിയും.
തൃശൂരിൽ സുരേഷ്ഗോപിയെ കാണാനില്ലെന്ന പരാതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. എം പി കേന്ദ്ര മന്ത്രിയായാൽ കൂടുതൽ ചുമതലകൾ ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാം. പരാതി ഉന്നയിച്ച ഓർത്തഡോക്സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയോട് കാര്യങ്ങൾ വിശദീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

ഡോ. ഹാരിസിനെ വേട്ടയാടാൻ സർക്കാരിനെ അനുവദിക്കില്ല…
സംസ്ഥാന സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടിയ ഡോക്ടർ ഹാരിസിനെ വേട്ടയാടാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി.
കേരളത്തിലെ ആരോഗ്യ മേഖലയുടെ ദുരവസ്ഥ തുറന്നുകാട്ടിയ ഡോക്ടർ ഹാരിസിനെ അതിന്റെ പേരിൽ ശിക്ഷിക്കാൻ ബിജെപി അനുവദിക്കില്ല. അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ഹാരിസ് തുറന്നുകാട്ടിയ വസ്തുത ജനങ്ങൾ കണ്ടതാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ ദാരുണമായ അന്ത്യവും ജനങ്ങൾ കണ്ടതാണ്. അതുപോലെയുള്ള നിരവധി പ്രശ്നങ്ങൾ കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്നുണ്ട്. കേരളത്തിലെ ആരോഗ്യ മേഖല സമ്പൂർണ്ണമായി തകർന്നിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ല. മുറിവിൽ വെക്കാൻ പഞ്ഞി രോഗി കൊണ്ടുവരേണ്ട അവസ്ഥയാണ് പലയിടത്തും. കോട്ടയം മെഡിക്കൽ കോളേജിൽ അപകടം ഉണ്ടായ കെട്ടിടത്തിന്റെ അതേ ജീർണാവസ്ഥയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം സർക്കാർ ആശുപത്രികളും. ഇതിനൊന്നും ശാശ്വതമായി പരിഹാരം കാണാതെ ഡോക്ടർ ഹാരിസിനെ പോലെയുള്ള സത്യസന്ധരായ ജീവനക്കാരെ വേട്ടയാടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അത് കേരളത്തിലെ പൊതു സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ഡോക്ടർ ഹാരിസിനെ പോലെയുള്ളവരെ ഒരു ഫാസിസ്റ്റ് നയത്തിലൂടെ വായ മൂടികെട്ടാൻ ശ്രമിച്ചാൽ അതിനെതിരെ ഏതറ്റം വരെയും പ്രതിഷേധവുമായി പോകാനാണ് ഭാരതീയ ജനതാ പാർട്ടിയുടെ തീരുമാനം. അതുകൊണ്ട് സംസ്ഥാന സർക്കാർ ഹാരിസിനെതിരായ വേട്ട അവസാനിപ്പിക്കണം. ഡോക്ടർ ഹാരിസിനൊപ്പമാണ് ബിജെപിയുടെ മുഴുവൻ സംവിധാനവും. അദ്ദേഹത്തിന് എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നും അനൂപ് ആന്റണി പറഞ്ഞു.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് പുതിയ വീട് ഒരുങ്ങുന്നു; മന്ത്രി വി. ശിവൻകുട്ടി തറക്കല്ലിട്ടു…

കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പുതിയ വീട് നിർമ്മിച്ച് നൽകുന്നു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വീടിന്റെ തറക്കല്ലിട്ടു. നിലവിൽ കുടുംബം താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് പുതിയ വീട് പണിയുന്നത്.
പൊതുവിദ്യാഭ്യാസ മന്ത്രി സംസ്ഥാന പ്രസിഡന്റ് ആയ കേരള സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശുചിമുറികൾ, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഏരിയ, സിറ്റ് ഔട്ട്, സ്റ്റെയർകെയ്സ് എന്നിവ വീടിന്റെ ഭാഗമായി ഉണ്ടാകും. നാല് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്.വീടിനു പുറമെ, മിഥുന്റെ കുടുംബത്തിന് സർക്കാർ വിവിധ ധനസഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്:
- സംസ്ഥാന സർക്കാർ: 10 ലക്ഷം രൂപ.
- പൊതുവിദ്യാഭ്യാസ വകുപ്പ്: 3 ലക്ഷം രൂപ.
- കെ.എസ്.ഇ.ബി.: 10 ലക്ഷം രൂപ.
- അധ്യാപക സംഘടനയായ കെ.എസ്.ടി.എ.: 11 ലക്ഷം രൂപ.
കൂടാതെ, മിഥുന്റെ അനുജന്റെ വിദ്യാഭ്യാസ ചെലവുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണ്ണമായും വഹിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ചടങ്ങിൽ എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത് വിജയൻ പിള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്,കേരള സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി പ്രഭാകരൻ എൻ കെ തുടങ്ങിയവർ പങ്കെടുത്തു.


തിരുവനന്തപുരം മംഗലപുരം ചെമ്പകമംഗലത്ത് വൃദ്ധയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ബൈക്കോടിച്ചിരുന്ന അയിലം സ്വദേശി വിഷ്ണുവിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂരിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം തുടരുകയാണ്.വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോട് കൂടിയായിരുന്നു ചെമ്പകമംഗലം അസംബ്ലിമുക്കിന് സമീപം വൃദ്ധയായ അംബികയുടെ രണ്ട് പവൻ വരുന്ന സ്വർണ്ണമാല പ്രതികൾ കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.
