
സംസ്ഥാനത്ത് ഡയപ്പർ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള മുഴുവൻ ഖരമാലിന്യങ്ങളും സംസ്കരിക്കാനുള്ള പ്ലാന്റുകൾ അഞ്ചുമാസത്തിനകം ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഷൊർണൂർ നഗരസഭയുടെ മലിന ജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദ്രവമാലിന്യം, കക്കൂസ് മാലിന്യം എന്നിവ സംസ്കരിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കുകയാണ് സർക്കാരിൻ്റെ അടുത്ത ലക്ഷ്യം. ഇത്തരം പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് ജനങ്ങൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനങ്ങളുടെ മനോഭാവം ഇനിയും മാറ്റേണ്ടതുണ്ട്. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിയമ നടപടി തുടരും. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ മുക്ത നവകേരളം പദ്ധതിയുൾപ്പെടെ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സംവിധാനങ്ങൾ ഒരുക്കി മുന്നോട്ട് വന്നതിന്റെ ഫലമായി കേരളത്തിലെ മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. ശുചിത്വം കേരളത്തിൻ്റെ അജണ്ടയായി മാറി. സർക്കാർ വന്നതിനുശേഷം 32 പുതിയ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റുകളും ഏഴ് കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകളും സ്ഥാപിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.കേരളത്തെ മുഴുവൻ ശുചിത്വപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ബ്രഹ്മപുരത്തെ തീപിടുത്തത്തെ തുടർന്നുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ബ്രഹ്മപുരത്തെ പൂങ്കാവനമാക്കാൻ കഴിഞ്ഞു. കേരളത്തിൻ്റെ ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും പകർത്തുകയാണെന്നും മന്ത്രി പറഞ്ഞു.2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെയും ശുചിത്വ മിഷൻ്റെയും ഒരു കോടി 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഷൊർണൂർ ബസ് സ്റ്റാൻ്റിനകത്ത് നിർമ്മിച്ച പ്ലാൻ്റിൽ പ്രതി ദിനം 25000 ലിറ്റർ മലിന ജലം ശുദ്ധീകരിക്കാൻ കഴിയും.
പരിപാടിയുടെ ഭാഗമായി വാദ്യസമന്വയം ഓർക്കസ്ട്ര ടീമിൻ്റെ സംഗീത നിശയും ഉണ്ടായിരുന്നു. സ്വച്ഛ് സർവ്വേക്ഷനിൽ മികച്ച നേട്ടം കൈവരിക്കുന്നതിന് പ്രയത്നിച്ച നഗരസഭയിലെ വിവിധ ജീവനക്കാരെ മന്ത്രി അനുമോദിച്ചു.നഗരസഭാ സെക്രട്ടറി പി എസ് രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. മഴ തകര്‍ത്തു പെയ്യുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി 500 ലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തില്‍ ഈ സീസണില്‍ ഇതിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) 8 ലക്ഷം രൂപ ലഭിച്ചു.

വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഡിടിപിസി കരിങ്കല്ലു കൊണ്ടു തീര്‍ത്ത ആകര്‍ഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റിപ്പിള്‍ വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടത്തിനും ഫ്രെയിംസ് സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് സുഗമമായി വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാന്‍ 11 ജീവനക്കാര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് പ്രവര്‍ത്തന സമയം. അഞ്ച് മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്.പന്നിയാര്‍കുട്ടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. അടിമാലി-കല്ലാര്‍കുട്ടി വഴിയും ഇങ്ങോട്ടേക്ക് എത്താം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കുഞ്ഞിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള വഴിയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. തേക്കിന്‍കാനത്ത് നിന്ന് 1.5 കിലോമീറ്റര്‍ അകലെ മുതിരപ്പുഴയാറില്‍ പരസ്പരം അടുക്കി വച്ചിരിക്കുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളും എവിടേക്ക് യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് കാഴ്ച വിരുന്ന് ഒരുക്കുന്നു.

പാലോട് പച്ച ദേവസ്വം ബോർഡ് എൽ പി സ്കൂളിലെ നാലാം ക്ലാസിൽ പഠിക്കുന്ന 12 കുട്ടികൾ എഴുതിയ കൈപുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു…


ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ, ഡാമിന്റെ ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം, ആകെ 75 സെന്റീമീറ്റർ, (നേരത്തെ 25 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. ആകെ 100 സെന്റിമീറ്റർ )വൈകുന്നേരം 5 .മണിക്ക് തുറക്കും. ഡാമിന്റെ സമീപപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ തീരത്ത് ഇന്ന് (ആഗസ്റ്റ് 3ന് ) വൈകുന്നേരം 05.30 മുതൽ 4ന് രാത്രി 08.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെയും കന്യകുമാരി തീരത്ത് ഇന്ന് (ആഗസ്റ്റ് 3) പകൽ 11.30 മുതൽ നാലിന് 11.30 വരെ 1.6 മുതൽ 1.9 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.
