
വിദ്യാർത്ഥികളുടെ നന്മയെ കരുതിയുള്ള തീരുമാനമാണ് കീം വിഷയത്തിൽ സർക്കാർ എടുത്തിട്ടുള്ളതെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ വർഷം മുമ്പു തുടർന്നുവന്ന സമീകരണരീതി തന്നെ തുടരേണ്ടതായി വന്നിരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.അടുത്ത അധ്യയന വർഷം പുതിയ ഫോർമുല നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കും. കോടതിയും അപ്രകാരമാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത് – മന്ത്രി വ്യക്തമാക്കി.മാർക്ക് ഏകീകരണത്തിലെ മുൻ രീതിയിൽ കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് വലിയ തോതിൽ മാർക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് 35 മാർക്കിൻ്റെ കുറവുണ്ടായി. ഈ രീതി വലിയ അനീതിയാണെന്നത് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കേരള സിലബസിൽ പഠിച്ചവർ മുഴുവൻ മാർക്ക് നേടിയാലും ഇത്രയധികം മാർക്ക് കുറയുക എന്ന സ്ഥിതി ഒഴിവാക്കാനാണ് പുതിയ രീതി കൊണ്ടുവന്നത്.പല തലങ്ങളിൽ ഇക്കാര്യത്തിൽ പരാതികളും ഉയർന്നിരുന്നു. പഴയ മാനദണ്ഡത്തിൽ നീതികേട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദൽ കണ്ടെത്താൻ ശ്രമിച്ചത്. ഒരു കുട്ടിക്കും അവസരം നഷ്ടപ്പെടാൻ പാടില്ലെന്ന കാഴ്ചപ്പാടിലാണ് ഇതു ചെയ്തത്. ഇതിനായി പല ഫോർമുലകളും പരിഗണിച്ചു. അതിനു ശേഷമാണ് ശാസ്ത്രീയമായ രീതി അവലംബിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളത് – മന്ത്രി ഡോ. ബിന്ദു വിശദമാക്കി.
